പൊതുസ്ഥലത്ത് അടിപിടി; 7 പ്രവാസികൾ ദുബൈയിൽ അറസ്റ്റിൽ

ദുബൈ: ദുബൈയിൽ പൊതുസ്ഥലത്ത് അടിപിടിയുണ്ടാക്കിയതിനെത്തുടർന്ന് പ്രവാസികളായ ഏഴ് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവർ ബഹളമുണ്ടാക്കുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചതിനെത്തുടർന്നാണ് പോലീസ് നടപടി. പൊതുമുതൽ നശിപ്പിച്ചതിനും ഇവർക്കെതിരെ നടപടിയെടുത്തു.

പിടിയിലായവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്‍തിട്ടുണ്ടെന്നും തുടര്‍ നടപടികള്‍ക്കായി എല്ലാവരെയും പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായും പൊലീസ് അറിയിച്ചു. അറസ്റ്റിലായവര്‍ ആഫ്രിക്കക്കാരാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത്തരം ലഹളകളില്‍ ഏര്‍പ്പെടരുതെന്നും അവ എമിറേറ്റിന്റെ പൊതുസുരക്ഷയെ ബാധിക്കുമെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കി.

നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോള്‍ അവയുടെ വീഡിയോ ചിത്രീകരിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്നതിനെതിരെയും പൊലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.