ഹയ്യ കാർഡിനായി 75 ശതമാനം ടിക്കറ്റ് ഉടമകളും അപേക്ഷ നൽകി

ദോഹ: FIFA ലോകകപ്പ് ഖത്തർ 2022 ടിക്കറ്റ് ഉടമകളിൽ 75 ശതമാനവും നിർബന്ധിത ഹയ്യ കാർഡിനായി അപേക്ഷ നൽകിയിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. ഫിഫ ലോകകപ്പിൽ പങ്കെടുക്കുന്ന ആരാധകരെ സഹായിക്കുന്നതിനായി സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി & ലെഗസി (SC) രണ്ട് ഹയ്യ കാർഡ് സേവന കേന്ദ്രങ്ങൾ തുറന്നിട്ടുണ്ട്. നിലവിൽ പ്രതിദിനം 4,000 മുതൽ 5,000 വരെ കാർഡുകൾ അച്ചടിക്കുന്നുണ്ടെന്നും നവംബർ 1 മുതൽ രാജ്യാന്തര ആരാധകർ രാജ്യത്തേക്ക് എത്തിത്തുടങ്ങുന്നതിനാൽ എണ്ണം വർധിക്കുമെന്നും അധികൃതർ അറിയിച്ചു.

എല്ലാ ഫിഫ ലോകകപ്പ് ഖത്തർ 2022 ടിക്കറ്റ് ഉടമകൾക്കും ഹയ്യ കാർഡ് നിർബന്ധമാണ്. മത്സര ടിക്കറ്റ് ഉടമകൾക്ക് സ്റ്റേഡിയങ്ങളിലേക്കുള്ള പ്രവേശനവും സൗജന്യ പൊതുഗതാഗതവും ഇത് നൽകും. അന്താരാഷ്ട്ര ആരാധകർക്കുള്ള പ്രവേശനാനുമതിയായും ഇത് പ്രവർത്തിക്കും.

ഹയ്യ കാർഡ് ആപ്ലിക്കേഷനുകൾ ഓൺലൈനായോ ഐ.ഒ.എസ്. ആപ്പ് സ്റ്റോർ, ഗൂഗിൾ പ്ലേ എന്നിവ വഴി ലഭ്യമാകുന്ന ‘ഹയ്യ ടു ഖത്തർ 2022’ മൊബൈൽ ആപ്ലിക്കേഷൻ വഴിയോ ചെയ്യാം. അപേക്ഷകർക്ക് സാധുവായ ഒരു മാച്ച് ടിക്കറ്റ് നമ്പർ ഉണ്ടായിരിക്കുകയും അവരുടെ വ്യക്തിഗത വിശദാംശങ്ങൾ, പാസ്‌പോർട്ട് ഫോട്ടോ, താമസ വിവരങ്ങൾ എന്നിവ അപ്‌ലോഡ് ചെയ്യുകയും വേണം. തുടർന്ന് അനുമതി ലഭിച്ച ഹയ്യകാർഡ് ഉടമകൾക്ക് എൻട്രി പെർമിറ്റിന്റെ പി.ഡി.എഫ്. കോപ്പി ഇമെയിൽ വഴി ലഭിക്കും.