ദോഹ: ഒൻപതാമത് രാജ്യാന്തര കാർഷിക പരിസ്ഥിതി പ്രദർശനം ഖത്തറിൽ നാളെ മുതൽ ആരംഭിക്കും. കാർഷിക ഉൽപന്നങ്ങൾ – തേൻ, ഈത്തപ്പഴം, പച്ചക്കറികൾ എന്നിവ പ്രദർശിപ്പിക്കുന്നതിന് മൂന്ന് വിപണികളും ഇവിടെയുണ്ടാകും. ഇവന്റ് ദോഹ എക്സിബിഷന് ആന്‍ഡ് കണ്വെന്ഷന് സെന്ററില്‍ (ഡി.ഇ.സി.സി) വെച്ചാണ് പ്രദര്‍ശനം നടക്കുക.
അഞ്ച് ദിവസമാണ് പ്രദർശനം. വെള്ളിയാഴ്ച ഒഴികെയുള്ള ദിവസങ്ങളില്‍ രാവിലെ ഒന്‍പത് മുതല്‍ രാത്രി 10 വരെയും വെള്ളിയാഴ്ച ഉച്ചക്ക് രണ്ട് മണി മുതലും പ്രദര്‍ശനം നടക്കും. അൻപതോളം രാജ്യങ്ങളിൽ നിന്നുള്ള കൃഷി, പരിസ്ഥിതി, ഭക്ഷണം, മൃഗ ഉൽപ്പാദനം എന്നീ മേഖലകളിലെ 650-ലധികം പ്രാദേശിക, അന്തർദേശീയ കമ്പനികൾ ഈ പ്രദർശനത്തിൽ പങ്കെടുക്കും. കാർഷിക മേഖലയിലെ വലിയൊരു വിഭാഗം പ്രാദേശിക സ്വകാര്യ കമ്പനികൾ അവരുടെ ഉൽപന്നങ്ങളും ഉൽപ്പാദനം വർധിപ്പിക്കാൻ അവർ സ്വീകരിച്ച ഏറ്റവും പുതിയ സാങ്കേതികവിദ്യകളും വിപണിയിൽ പ്രദർശിപ്പിക്കും.