Wednesday, September 28, 2022
HomeGulfസ്കൂൾ ബസിനുള്ളിൽ ഉറങ്ങിപ്പോയി; ഖത്തറിൽ മലയാളി വിദ്യാർത്ഥിനി പിറന്നാൾ ദിനത്തിൽ മരിച്ചു; ഉത്തരവാദികള്‍ക്കെതിരെ കര്‍ശന നടപടിയെന്ന്...

സ്കൂൾ ബസിനുള്ളിൽ ഉറങ്ങിപ്പോയി; ഖത്തറിൽ മലയാളി വിദ്യാർത്ഥിനി പിറന്നാൾ ദിനത്തിൽ മരിച്ചു; ഉത്തരവാദികള്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മന്ത്രാലയം

ദോഹ: ഖത്തറില്‍ സ്‌കൂള്‍ ബസിനുള്ളില്‍ മലയാളി ബാലികയ്ക്ക് ദാരുണാന്ത്യം. കോട്ടയം ചിങ്ങവനം സ്വദേശി കൊച്ചുപറമ്പിൽ അഭിലാഷ് ചാക്കോയുടെ മകൾ നാല് വയസുകാരി മിൻസയാണ് മരിച്ചത്. അൽ വഖ്‌റയിലെ സ്പ്രിങ്ഫീൽഡ് കിന്റർഗാർട്ടണിലെ വിദ്യാർത്ഥിനിയായ മിൻസാ രാവിലെ സ്കൂൾ ബസിൽ വച്ച് ഉറങ്ങിപോവുകയായിരുന്നു. സ്കൂളിലെത്തി മറ്റ് വിദ്യാർത്ഥികൾ ഇറങ്ങുകയും ജീവനക്കാർ ബസ് പരിശോധിക്കാതെ പൂട്ടിപ്പോവുകയുമായിരുന്നു. തുറസ്സായ സ്ഥലത്ത് ബസ് നിർത്തിയിട്ടതിനാൽ കുട്ടി മറ്റാരുടെയും ശ്രദ്ധയില്പെട്ടിരുന്നില്ല. ഖത്തറിലെ കടുത്ത ചൂട് താങ്ങാനാവാതെയാണ് കുട്ടി മരിച്ചതെന്നാണ് നിഗമനം.

രാവിലെ 11.30 ന് ഡ്യൂട്ടി പുനരാരംഭിക്കാന്‍ ബസില്‍ തിരിച്ചെത്തിയപ്പോഴാണ് ജീവനക്കാര്‍ കുട്ടിയെ കാണുന്നത്. അപ്പോഴേക്കും കുട്ടി മരിച്ചിരുന്നു. അതേ സമയം മരണത്തിന്റെ കൃത്യമായ കാരണം ഇതുവരെ അറിവായിട്ടില്ല. കുട്ടിയുടെ മരണത്തില്‍ അനുശോചിച്ച ഖത്തര്‍ വിദ്യാഭ്യാസ മന്ത്രാലയം സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചതായും അറിയിച്ചു. അന്വേഷണത്തിന് ശേഷം ഉത്തരവാദികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അശ്രദ്ധ വരുത്തിയവര്‍ക്ക് കടുത്ത ശിക്ഷ നല്‍കുമെന്നും വ്യക്തമാക്കി.

ചിത്രരചനാ രംഗത്തും ഡിസൈനിങ് മേഖലയിലും ശ്രദ്ധേയനായ മിൻസയുടെ പിതാവ് അഭിലാഷും കുടുംബവും വർഷങ്ങളായി ഖത്തറിലാണ് താമസിക്കുന്നത്. ഖത്തർ ലോകകപ്പുമായി ബന്ധപ്പെട്ട ജോലികൾ ചെയ്തുവരികയായിരുന്നു അഭിലാഷ്. രക്ഷിതാക്കൾ നൽകിയ പരാതിയിൽ പൊലീസ് കേസെടുത്ത് ബസ് ജീവനക്കാരെ അറസ്റ്റ് ചെയ്തെന്നാണ് പ്രാഥമിക വിവരങ്ങൾ. ഇതു സംബന്ധിച്ചുള്ള ഔദ്യോഗിക സ്ഥിരീകരണം ലഭ്യമായിട്ടില്ല. മാതാവ് സൗമ്യ ഏറ്റുമാനൂര്‍ കുറ്റിക്കല്‍ കുടുംബാംഗമാണ്. മിഖയാണ് സഹോദരി.

Most Popular