അബുദാബിയില്‍ വാഹനാപകടത്തില്‍ മലയാളി അടക്കം രണ്ട് പ്രവാസികൾ മരിച്ചു

അബുദാബി: അബുദാബിയിലെ ദാസ് ഐലന്ഡിലുണ്ടായ വാഹനാപകടത്തില്‍ ആലപ്പുഴ സ്വദേശി അടക്കം രണ്ടുപേര്‍ മരിച്ചു. ആലപ്പുഴ നൂറനാട് സന ഭവനില്‍ ഷാനി ഇബ്രാഹിമാണ് (49) മരണപ്പെട്ടത്.

ഷാനി ഓടിച്ച പിക്കപ്പ് വാഹനം അബുദാബി ദാസ് ഐലണ്ടിന് സമീപത്തെ പൈപ്പ് ലൈനിലേക്ക് ഇടിച്ച്‌ കയറുകയായിരുന്നു. ഷാനിയെ കൂടാതെ ഒരു പാക്കിസ്ഥാന്‍ സ്വദേശിയും മരണപ്പെട്ടു. വാഹനത്തിലുണ്ടായിരുന്ന മറ്റു രണ്ട് പാക്കിസ്ഥാനികള്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.

ഡെസ്കോണ് എഞ്ചിനീയറിങ്ങ് കമ്ബനിയുടെ ഡ്രൈവറായി മൂന്നു മാസത്തെ ഷട്ട്ഡൗണ്‍ ജോലിക്കായിട്ടാണ് ഒരു മാസം മുമ്ബ് ഐലന്റിലേയ്ക്ക് ഷാനി പോയത്. പെര്‍മിറ്റും മറ്റും തയ്യാറായി ഒരാഴ്ച മുമ്ബാണ് ജോലിയില്‍ പ്രവേശിച്ചത്.യുഎഇ ഡിഫന്‍സില്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടറായിരുന്ന പരേതനായ ഇബ്രാഹിമിനും സബൂറയ്ക്കും ഒപ്പം കുടുംബമായി ഇവിടെ തന്നെയാണ് ഷാനി താമസിച്ചിരുന്നത്. മകള്‍ ഷഹനയുടെ വിവാഹത്തോടെ പ്രവാസം മതിയാക്കി നാട്ടിലേയ്ക്ക് മടങ്ങിയിരുന്ന ഷാനി രണ്ടുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഒന്നരമാസം മുമ്ബ് വീണ്ടും മടങ്ങി എത്തുകയായിരുന്നു. റജീനയാണ് ഷാനിയുടെ ഭാര്യ. മരുമകന്‍ ഹാഫിസ് ദുബൈയില്‍ എന്‍ജിനീയറായി ജോലി ചെയ്യുന്നു.