ദോഹ: ഗോള്‍ഡന്‍ സര്‍ട്ടിഫിക്കറ്റ് സ്വന്തമാക്കി ഖത്തറിലെ ലോകകപ്പ് വേദികളിലൊന്നായ അല്‍ ജുനൂബ് സ്റ്റേഡിയം. ഗ്ലോബല്‍ സസ്റ്റയ്നബിലിറ്റ് അസസ്മെന്റ് സിസ്റ്റം ആണ് ഗോള്‍ഡന്‍ സ്റ്റാന്‍ഡേര്‍ഡ് സര്‍ട്ടിഫിക്കറ്റ് നൽകിയത്. സസ്റ്റയ്നബിലിറ്റിയുടെ മൂന്ന് അംഗീകാരങ്ങളും നേടുന്ന ആദ്യ സ്റ്റേഡിയമെന്ന റെക്കോർഡും അല്‍ ജുനൂബ് സ്റ്റേഡിയത്തിനാണ്.
വെള്ളത്തിന്റെയും ഊര്‍ജത്തിന്റെയും ഉപയോഗം, മാലിന്യ സംസ്കരണം, വായുവിന്റെ നിലവാരം, കാണികളുടെ സംതൃപ്തി തുടങ്ങിയ ഘടകങ്ങള്‍ പരിഗണിച്ചാണ് സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. നേരത്തെ സുസ്ഥിര രൂപകൽപന, പരിസ്ഥിതി സൗഹൃദ നിർമാണ രീതികൾ എന്നിവ കണക്കിലെടുത്ത് ജിഎസ്എഎസിന്റെ സർട്ടിഫിക്കറ്റുകൾ നേടിയിരുന്നു.
ഖത്തറിന്റെ സുസ്ഥിരതാ നയത്തിനുള്ള അംഗീകാരമാണ് ഇതെന്ന് സുപ്രീംകമ്മിറ്റി സസ്റ്റയ്നബിലിറ്റി ഡയറക്ടര്‍ ബോദര്‍ അല്‍ മീര്‍ പറഞ്ഞു. പരിസ്ഥിതി സൗഹൃദ സ്റ്റേഡിയങ്ങള്‍ എന്ന ആശയം ഖത്തറിന്റെ മാത്രം ആശയമായിരുന്നുവെന്നും ബോദര്‍ അല്‍ മീര്‍ വ്യക്തമാക്കി.
ഭാവിയിൽ എല്ലാ ലോകകപ്പ് മത്സരങ്ങൾ നടക്കുന്ന സ്റ്റേഡിയങ്ങളിലും ഇത് പ്രാവർത്തികമാക്കാൻ ശ്രമിക്കുമെന്ന് ഫിഫ സസ്റ്റയ്നബിലിറ്റി ആൻഡ് എൻവിയോൺമെന്റ് തലവൻ ഫ്രെഡറികോ അദിയേച്ചി അറിയിച്ചു.