ഫിഫ ലോകകപ്പ് ആരാധകർക്കായി അൽ മീര താൽക്കാലിക ഔട്ട്‌ലെറ്റുകൾ സ്ഥാപിച്ചു

ദോഹ: ഫിഫ ലോകകപ്പ് ആരാധകർക്കായി അൽ മീര താൽക്കാലിക ഔട്ട്‌ലെറ്റുകൾ സ്ഥാപിച്ചു. വാണിജ്യ വ്യവസായ മന്ത്രാലയം, മുനിസിപ്പാലിറ്റി മന്ത്രാലയം, സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി എന്നിവയുടെ സഹകരണത്തോടെയാണ് ഔട്ലെറ്റുകൾ സ്ഥാപിച്ചത്.

ഖത്തറിലെ സന്ദർശകർക്ക് ടൂർണമെന്റിലുടനീളം ഷോപ്പിംഗിനായി എളുപ്പത്തിൽ പ്രവേശനം നൽകുക, ഉൽപ്പന്നങ്ങളുടെ സമൃദ്ധിയും വൈവിധ്യവും ഉറപ്പാക്കുക എന്നതാണ് ഈ സംരംഭം ലക്ഷ്യമിടുന്നത്. സ്ഥിരമായ ഔട്ട്‌ലെറ്റുകളിലെ തിരക്ക് ഒഴിവാക്കുന്നതിനു പുറമേ, താത്കാലിക ഔട്ട്‌ലെറ്റുകൾ തുറക്കുന്നത് സന്ദർശകർക്ക് ആഴ്ചയിൽ ഏഴു ദിവസവും ഷോപ്പിംഗ് നടത്താനുള്ള അവസരവും നൽകുന്നുണ്ട്.

ഖത്തറിലുടനീളം 10 താൽക്കാലിക ഔട്ട്‌ലെറ്റുകൾ അൽ മീര ഉദ്ഘാടനം ചെയ്തു, അതിൽ എട്ടെണ്ണം ഇന്ന് നവംബർ 2 നും രണ്ടെണ്ണം നവംബർ 5 നും തുറക്കും. താൽക്കാലിക വിൽപ്പന കേന്ദ്രങ്ങൾക്ക് പുറമേ, അൽ മീറ കൺസ്യൂമർ ഗുഡ്‌സ് കമ്പനിക്ക് ഖത്തറിലുടനീളം 64 ശാഖകളുണ്ട്.