Friday, September 30, 2022
HomeGulfഖത്തറിലെ അല്‍ റയ്യാന്‍ ബസ് ഡിപ്പോ പരീക്ഷണാടിസ്ഥാനത്തില്‍ പ്രവര്‍ത്തനമാരംഭിച്ചു

ഖത്തറിലെ അല്‍ റയ്യാന്‍ ബസ് ഡിപ്പോ പരീക്ഷണാടിസ്ഥാനത്തില്‍ പ്രവര്‍ത്തനമാരംഭിച്ചു

ദോഹ: ഖത്തറിലെ അല്‍ റയ്യാന്‍ ബസ് ഡിപ്പോ പരീക്ഷണാടിസ്ഥാനത്തില്‍ പ്രവര്‍ത്തനമാരംഭിച്ചു. പൊതുഗതാഗത രംഗത്ത് നിര്‍ണായക ചുവടുവെപ്പാകുന്ന നാല് ബസ് ഡിപ്പോകളില്‍ ഒന്നാണിത്. ഖത്തറിലെ നഗര മേഖലകളെയെല്ലാം ബന്ധിപ്പിക്കുന്നതും ദോഹ മെട്രോ, ലുസൈല്‍ ട്രാം എന്നിവയുമായി ബന്ധിപ്പിക്കുന്നതുമാണ് പുതിയ ബസ് ഡിപ്പോകളും അവക്ക് കീഴിലെ ബസ് സര്‍വിസുകളും.

പെട്രോളിയം ഇന്ധനത്തില്‍നിന്നും വൈദ്യുതോര്‍ജത്തിലേക്ക് രാജ്യത്തെ പൊതുഗതാഗത സംവിധാനത്തെ പരിവര്‍ത്തിപ്പിക്കുന്ന തന്ത്രപ്രധാന പദ്ധതിയുടെ ഭാഗമായിട്ടാണ് ഇത്.

ലുസൈല്‍, അല്‍ വക്‌റ, ന്യൂ ഇന്‍ഡസ്ട്രിയല്‍ ഏരിയ എന്നിവിടങ്ങളിലാണ് മറ്റു ബസ് ഡിപ്പോകള്‍. ഇവയുടെ നിര്‍മ്മാണം ഈ വര്‍ഷം മൂന്നാം പാദത്തില്‍ പൂര്‍ത്തിയാക്കി. റയ്യാന്‍ ഡിപ്പോയുടെ പരീക്ഷ പ്രവര്‍ത്തനങ്ങളോടൊപ്പം ഇലക്ട്രിക് ബസുകളുടെ പരീക്ഷണ ഓട്ടവും ചാര്‍ജിങ് സംവിധാനവും പ്രവര്‍ത്തിപ്പിക്കും.

ഇതിന് പുറമെ, ഇലക്ട്രിക് ചാര്‍ജിങ് സിസ്റ്റത്തിന്റെ കണ്ടക്ട് സ്‌ട്രെസ് ടെസ്റ്റും നടത്തും. ഗറാഫ, വെസ്റ്റ് ബേ, ലുസൈല്‍ സിറ്റി, ദോഹയുടെ വടക്കന്‍ പ്രദേശങ്ങള്‍ എന്നിവിടങ്ങളിലായിരിക്കും അല്‍ റയ്യാന്‍ ബസ് ഡിപ്പോയില്‍ നിന്നുള്ള ബസുകള്‍ സര്‍വിസ് നടത്തുക.

വര്‍ക്കിങ് സോണ്‍, ലിവിങ് സോണ്‍ എന്നീ പ്രധാന ഭാഗങ്ങളാണ് റയ്യാന്‍ ഡിപ്പോക്കുള്ളത്. വര്‍ക്കിങ് സോണില്‍ 380 ബസ് പാര്‍ക്കിങ് സ്‌പോട്ടുകളും 190നടുത്ത് ഇലക്ട്രിക് ചാര്‍ജിങ് സ്റ്റേഷനുകളുമുണ്ടാകും. ഇവയ്‌ക്കൊപ്പം അറ്റകുറ്റപ്പണിക്കായുള്ള വര്‍ക് ഷോപ്പും സ്ഥാപിച്ചിട്ടുണ്ട്. യാത്രക്കാരുടെ സുരക്ഷയും സര്‍വിസ് ഗുണമേന്മയും ഉറപ്പുവരുത്തുന്നതിനും നിലനിര്‍ത്തുന്നതിനുമായി ദിനംപ്രതി ബസുകള്‍ സാങ്കേതിക പരിശോധനക്ക് വിധേയമാക്കുകയും ചെയ്യും.

Most Popular