Sunday, January 23, 2022
HomeGulfസോഷ്യല്‍ മീഡിയയില്‍ അടിമ വിപണി; ഗള്‍ഫിലേക്ക് സ്ത്രീകളെ എത്തിക്കുന്നത് ഫേസ്ബുക്ക് പരസ്യം വഴി; ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

സോഷ്യല്‍ മീഡിയയില്‍ അടിമ വിപണി; ഗള്‍ഫിലേക്ക് സ്ത്രീകളെ എത്തിക്കുന്നത് ഫേസ്ബുക്ക് പരസ്യം വഴി; ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

ന്യൂയോര്‍ക്ക്: സോഷ്യല്‍ മീഡിയ പരസ്യം വഴി ഏഷ്യയിലേയും ആഫ്രിക്കയിലേയും ദരിദ്രരായ സ്ത്രീകളെ ഗള്‍ഫ് രാജ്യങ്ങളില്‍ ഉള്‍പ്പെടെ വീട്ടുജോലിക്കെന്ന പേരില്‍ വില്‍പ്പന നടത്തുന്നതായി വെളിപ്പെടുത്തല്‍. ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് ആപ്പ് സ്റ്റോറില്‍ നിന്നു ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം ആപ്പുകള്‍ നീക്കം ചെയ്യുമെന്ന് ആപ്പിള്‍ ഭീഷണിമുഴക്കിയതായും വെളിപ്പെടുത്തലില്‍ പറയുന്നു.

2019- ല്‍ നടന്ന ഈ സംഭവം, ഫേസ്ബുക്കിലെ മുന്‍ ജീവനക്കാരനായിരുന്ന ഫ്രാന്‍സസ് ഹേഗന്‍ ആണ് ഇന്നലെ രേഖകള്‍ സഹിതം പുറത്തുകൊണ്ടുവന്നത്. ഫേസ്ബുക്കിന്റെ അധാര്‍മിക നിലപാടുകള്‍ വെളിപ്പെടുത്തുന്ന നിരവധി തെളിവുകളാണ് അടുത്ത കാലത്ത് ഹേഗന്‍ പുറത്തുവിട്ടത്.

സൗദി അറേബ്യ, ഈജിപ്ത്, കുവൈത്ത് എന്നിവിടങ്ങളിലാണ് പ്രധാനമായും വീട്ടുവേലയ്ക്ക് സ്ത്രീകള്‍ എത്തുന്നത്. തെക്കന്‍ ഏഷ്യയില്‍, പ്രധാനമായും ഫിലിപ്പീന്‍സില്‍ നിന്നും പിന്നെ ആഫ്രിക്കയില്‍ നിന്നുമാണ് ഇവരെ കൊണ്ടുവരുന്നത്. തീര്‍ത്തും ദരിദ്രമായ പശ്ചാത്തലത്തില്‍ നിന്നെത്തുന്ന ഇവര്‍ പലവിധ ചൂഷണങ്ങള്‍ക്കും വിധേയരാകാറുണ്ട്. പിന്നീട്, ഇത്തരത്തില്‍ പരസ്യം നല്‍കുന്ന 1000 ഓളം അക്കൗണ്ടുകള്‍ ഫേസ്ബുക്ക് നീക്കം ചെയ്തതിനെ തുടര്‍ന്ന് ആപ്പിള്‍ തങ്ങളുടെ തീരുമാനം പിന്‍വലിക്കുകയായിരുന്നു.

സ്ത്രീകളുടെ ജീവ ചരിത്രം, വീഡീയോകള്‍ എന്നിവ സഹിതമായിരുന്നു ഇത്തരം അക്കൗണ്ടുകളില്‍ പരസ്യം നല്‍കിയിരുന്നത്. ഈ വിവരം പുറത്തുവരുന്നതിനും ഒരു വര്‍ഷം മുന്‍പ് തന്നെ ഇക്കാര്യം ഫേസ്ബുക്കിന് അറിയാമായിരുന്നു എന്നാണ് ഹേഗന്‍ പറയുന്നത്. മനുഷ്യക്കടത്ത് എന്ന് സൂചിപ്പിക്കുന്നതിനായി ഇത്തരം അക്കൗണ്ടുകളെ എച്ച് എക്‌സ് എന്ന ഒരു വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരുന്നതായും ഹേഗന്‍ പറഞ്ഞു.

ഇത്തരത്തില്‍ വീട്ടുജോലിക്കായി എത്തുന്നവര്‍ തീര്‍ത്തും അടിമകളുടേതിനോട് സമാനമായ ജീവിതമാണ് ഗള്‍ഫ് നാടുകളില്‍ ജീവിച്ചു തീര്‍ക്കേണ്ടതായി വരുന്നത്. പലരും മര്‍ദ്ദനങ്ങള്‍ക്കും പീഡനങ്ങള്‍ക്കും ഇരയായിട്ടുണ്ട്. പാസ്സ്‌പോര്‍ട്ട് തൊഴിലുടമ പിടിച്ചുവയ്ക്കുന്നതിനാല്‍ തിരികെ പോരാന്‍ കഴിയില്ല. 2018-ല്‍ ഇത്തരത്തില്‍ പീഡനത്തിനിരയായ ഒരു ഫിലിപ്പിനോ വനിത തൊഴിലുടമയുടെ വീട്ടിലെ റഫ്രിജറേറ്ററിനകത്ത് മരിച്ച നിലയില്‍ കാണപ്പെട്ടിരുന്നു.

വീട്ടുജോലിക്ക് സ്ത്രീകളെ നല്‍കുന്ന പരസ്യങ്ങളില്‍ മുക്കാലും വന്നിരുന്നത് ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള ഇന്‍സ്റ്റഗ്രാമിലായിരുന്നു. ഇത്തരത്തില്‍ ഗള്‍ഫ് നാടുകളില്‍ എത്തപ്പെട്ട ചില വനിതകളുടെ ഇന്‍സ്റ്റഗ്രാം ഇന്‍ബോക്‌സ് ജീവനക്കാര്‍ നോക്കിയപ്പോള്‍ കാണാന്‍ കഴിഞ്ഞത് ശാരീരിക പീഡനത്തിന്റെയും ലൈംഗിക പീഡനത്തിന്റെയും ഞെട്ടിക്കുന്ന കഥകളായിരുന്നു എന്നും ഹേഗന്‍ പറയുന്നു.

അത്തരത്തിലുള്ള നിരവധി അക്കൗണ്ടുകള്‍ ഫേസ്ബുക്ക് നീക്കം ചെയ്‌തെങ്കിലും ഇനിയും ധാരാളം ബാക്കിയുണ്ടെന്നാണ് ഹേഗന്‍ പറയുന്നത്. ഖാദിമ എന്നോ മെയ്ഡ്‌സ് എന്നോ അടിച്ച് സെര്‍ച്ച് ചെയ്താല്‍ ഇപ്പോഴും ആഫ്രിക്കയില്‍ നിന്നും തെക്കന്‍ ഏഷ്യയില്‍ നിന്നുമുള്ള വനിതകളുടെ വിവരങ്ങള്‍ ലഭ്യമാകുമെന്നും അവര്‍ വ്യക്തമാക്കി.

 

Most Popular