അറബ് മേഖലയിൽ നിന്ന് ആദ്യ വനിത ബഹിരാകാശത്ത്; ചരിത്രംകുറിച്ച് സൗദി

റിയാദ്: അറബ് മേഖലയിൽ നിന്ന് ആദ്യ വനിതയെ ബഹിരാകാശ നിലയിലെത്തിച്ച് ചരിത്രം കുറിച്ച് സൗദി. സ്പേസ് എക്സ് ഡ്രാഗൺ എന്ന ബഹിരാകാശ പേടകം സൗദി പ്രാദേശിക സമയം 4.12ന് രണ്ടു സഞ്ചാരികളെ ബഹിരാകാശ നിലയത്തിലെത്തിച്ചു. റയ്യന ബർനാവി, അലി അൽ ഖർനി എന്നീ സൗദി സ്വദേശികളെ യുഎഇ സഞ്ചാരി സുൽത്താൻ അൽ നെയാദി സ്വീകരിച്ചു.

ഒരേ സമയം രണ്ടു സഞ്ചാരികളെ ബഹിരാകാശ നിലയത്തിൽ എത്തിക്കുന്ന അറബ് രാജ്യമെന്ന ബഹുമതിയും ഇതോടെ സൗദിക്ക് സ്വന്തമായി.

സൗദിയിലെ പരമ്പരാഗത കാപ്പിപ്പൊടിയും ഈന്തപ്പഴവുമായാണ് സഞ്ചാരികൾ ബഹിരാകാശ നിലയത്തിലെത്തിയത്. ഭൂമിയിൽ നിന്നുള്ള പാഴ്സൽ ബഹിരാകാശ നിലയത്തിലെ ശാസ്ത്രജ്ഞർക്കു കൈമാറും. 30നു ഭൂമിയിലേക്കു തിരിക്കുന്ന സംഘം ഫ്ലോറിഡ തീരത്ത് ലാൻഡ് ചെയ്യുമെന്നു നാസ അറിയിച്ചു.