ദോഹ: കൊറോണ പ്രതിസന്ധി മൂലം നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നോര്‍ക്ക ഏര്‍പ്പെടുത്തിയ ഓണ്‍ലൈന്‍ സംവിധാനത്തില്‍ അഞ്ച് ദിവസം കൊണ്ട് രജിസ്റ്റര്‍ ചെയ്തത് മൂന്നര ലക്ഷത്തോളം പേര്‍. യുഎഇയില്‍ മാത്രം ഒന്നര ലക്ഷത്തോളം പേര്‍ രജിസ്റ്റര്‍ ചെയ്തതായാണു കണക്ക്.
നാട്ടിലേക്ക് അത്യാവശ്യമായി മടങ്ങേണ്ടവര്‍ എത്രപേരുണ്ടെന്നും അവരുടെ ക്വാരന്റൈന്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് എത്ര സൗകര്യം ഏര്‍പ്പെടുത്തേണ്ടി വരും എന്നറിയുന്നതിന് വേണ്ടിയാണ് നോര്‍ക്ക രജിസ്‌ട്രേഷന്‍. ഇക്കാര്യം പലതവണ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍, അത്യാവശ്യക്കാര്‍ അല്ലാത്ത ആയിരക്കണക്കിന് ആളുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പലരും സര്‍ക്കാര്‍ സഹായം കിട്ടുമെന്നും സൗജന്യ വിമാന ടിക്കറ്റ് ലഭിക്കുമെന്നുമൊക്കെയുള്ള പ്രതീക്ഷയില്‍ രജിസ്റ്റര്‍ ചെയ്യുന്നവരാണ്. വര്‍ഷാവസാനം വാര്‍ഷിക അവധിക്ക് നാട്ടില്‍ പോകാന്‍ ഉദ്ദേശിക്കുന്നവര്‍ ഉള്‍പ്പെടെ ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്തതായാണ് അറിയുന്നത്. സാഹചര്യം ഇനിയും കൂടുതല്‍ മോശമായാല്‍ പോവേണ്ടി വന്നാലോ എന്ന ആശങ്കയില്‍ രജിസ്റ്റര്‍ ചെയ്യുന്നവരും നിരവധിയാണ്.
സര്‍ക്കാര്‍ സഹായം ലഭിക്കണമെങ്കില്‍ നോര്‍ക്ക രജിസ്ട്രേഷന്‍ വേണമെന്നും വിമാന ടിക്കറ്റ് സൗജന്യമായി ലഭിക്കുമെന്നുമടക്കമുള്ള പ്രചാരണങ്ങളാണ് ചുരുങ്ങിയ ദിവസം കൊണ്ട് ഇത്രയധികം രജിസ്ട്രേഷന്‍ ഉണ്ടാവാന്‍ കാരണമെന്ന് പ്രവാസി വെല്‍ഫയര്‍ ബോര്‍ഡ് ഡയറക്ടര്‍ ബാദുഷ കടലുണ്ടി പറഞ്ഞു. രജിസ്റ്റര്‍ ചെയ്തവര്‍ മുഴുവന്‍ നാട്ടിലേക്ക് മടങ്ങുമെന്ന് കരുതുന്നില്ലെന്നും എന്നാല്‍ എത്ര പേര്‍ വന്നാലും ഉള്‍ക്കൊള്ളാനുള്ള സംവിധാനങ്ങള്‍ സംസ്ഥാനത്തുണ്ടെന്നും ബാദുഷ അറിയിച്ചു.
നോര്‍ക്കയ്ക്ക് പുറമേ വിവിധ ഗള്‍ഫ് രാജ്യങ്ങളിലെ ഇന്ത്യന്‍ എംബസികളും രജിസ്‌ട്രേഷന്‍ ആരംഭിച്ചിട്ടുണ്ട്. കണക്കെടുപ്പ് മാത്രമാണ് നടത്തുന്നതെന്ന് എംബസിയും വ്യക്തമാക്കിയിട്ടുണ്ട്. നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്താലും എംബസിയുടെ ഓണ്‍ലൈന്‍ സംവിധാനത്തിലും രജിസ്റ്റര്‍ ചെയ്യണമെന്ന് അറിയിച്ചിട്ടുമുണ്ട്.
ലോക്ക്ഡൗണ്‍ രണ്ടാഴച്ചക്കാലം കൂടി നീട്ടിയ സാഹചര്യത്തില്‍ അടിയന്തരമായി നാട്ടില്‍ പോവേണ്ടവരെ കൊണ്ടുപോവണമെങ്കില്‍ പ്രത്യേക വിമാനങ്ങള്‍ ഏര്‍പ്പെടുത്തേണ്ടിവരും. വ്യോമസേനാ വിമാനങ്ങളും യുദ്ധക്കപ്പലുകളും ഇതിന് വേണ്ടി പ്രയോജനപ്പെടുത്തുമെന്ന് റിപോര്‍ട്ടുണ്ടെങ്കിലും ഔദ്യോഗികമായി ഒന്നിനും സ്ഥിരീകരണമില്ല. പ്രവാസികളെ എപ്പോള്‍ നാട്ടിലേക്കു കൊണ്ടുപോവുമെന്ന കാര്യത്തിലും ഇപ്പോഴും വ്യക്തത വന്നിട്ടില്ല.
Nearly three and a half lakh people registered in NORKA’s online system for those seeking to return home due to the Corona crisis.