നാട്ടിലേക്ക് മടങ്ങാന്‍ ആദ്യ മണിക്കൂറില്‍ രജിസ്റ്റര്‍ ചെയ്തത് പതിനായിരത്തോളം പേര്‍; യുഎഇയില്‍ അടിയന്തരമായി മടങ്ങേണ്ടവര്‍ 30,000ലേറെ പേരെന്ന് സര്‍വേ

rush for norka roots registration

തിരുവനന്തപുരം: മടങ്ങി വരാനാഗ്രഹിക്കുന്ന പ്രവാസികള്‍ക്ക് വേണ്ടി നോര്‍ക്ക ആരംഭിച്ച ഓണ്‍ലന്‍ രജിസ്‌ട്രേഷന് വന്‍തിരക്ക്. വെബ്‌സൈറ്റ് പ്രവര്‍ത്തന സജ്ജമായി ആദ്യ മണിക്കൂറില്‍ തന്നെ വിവിധ രാജ്യങ്ങളില്‍ നിന്ന് പതിനായിരത്തോളം പേരാണ് രജിസ്റ്റര്‍ ചെയ്തത്. ഇന്നലെ അര്‍ധരാത്രി മുതല്‍ തുടങ്ങാനിരുന്ന രജിസിട്രേഷന്‍ ഇന്ന് വൈകുന്നേരത്തോടെയാണ് സജ്ജമായത്. സാങ്കേതിക കാരണങ്ങളാലാണ് വൈകിയത്. www.registernorkaroots.org എന്ന വെബ്‌സൈറ്റ് വഴിയാണ് രജിസ്‌ട്രേഷന്‍.

അതേ സമയം, യുഎ.ഇയില്‍ പ്രതിസന്ധിയിലായവരെ നാട്ടിലെത്തിക്കുന്ന കാര്യത്തില്‍ പ്രത്യേക പരിഗണന ആവശ്യമായവരെ കണ്ടെത്താന്‍ കെഎംസിസി തയ്യാറാക്കിയ പ്രയോറിറ്റി ട്രാവല്‍ ലിസ്റ്റില്‍ നാലു ദിവസങ്ങളില്‍ രജിസ്റ്റര്‍ ചെയ്തത് മുപ്പതിനായിരത്തിലേറെ പേര്‍. നിലവിലെ സാഹചര്യത്തില്‍ ഏതുവിധേനയും മടക്കയാത്രയ്ക്കു സന്നദ്ധരായി നില്‍ക്കുന്നവരാണിവര്‍.

രജിസ്റ്റര്‍ ചെയ്തവരില്‍ അഞ്ചു ശതമാനം ഗര്‍ഭിണികളാണ്. ഇവരില്‍ ഏറെയും ഇന്‍ഷുറന്‍സ് സൗകര്യം ഇല്ലാത്തവരും സന്ദര്‍ശകവിസയില്‍ എത്തിയവരുമാണ്. സന്ദര്‍ശകവിസയില്‍ ഉള്ളവര്‍ക്കു വിസ പുതുക്കാതെ ഡിസംബര്‍ വരെ രാജ്യത്തു തങ്ങാനുള്ള ഇളവുകള്‍ യുഎഇ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും നാട്ടില്‍ എത്രയും പെട്ടെന്ന് എത്തിച്ചേരാന്‍ കാത്തിരിക്കുന്നവരാണ് ഗര്‍ഭിണികള്‍. പ്രസവ ചെലവുകള്‍ താങ്ങാനാവില്ലെന്നതാണു അവരെ ആശങ്കയിലാക്കുന്നത്.

തിരിച്ചെത്തുന്നവരുടെ കൃത്യമായ കണക്ക് കിട്ടാനും നിരീക്ഷണ സംവിധാനം ഉള്‍പ്പെടെ സജ്ജമാക്കുന്നതിനുമാണ് നോര്‍ക്ക രജിസ്‌ട്രേഷന്‍ നടത്തുന്നത്. ആദ്യം രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് ആദ്യ പരിഗണന എന്നില്ല. ഗര്‍ഭിണികള്‍, പലതരം രോഗമുള്ളവര്‍, സന്ദര്‍ശക വിസയില്‍ പോയവര്‍ എന്നിവര്‍ക്കാണ് മുന്‍ഗണന.

English News summery:
NORKA has launched an online registration for migrants seeking to return. Tens of thousands of people from different countries registered in the first hour of the website’s launch.