നാട്ടിലേക്ക് മടങ്ങാന്‍ നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്തവരുടെ എണ്ണം നാല് ലക്ഷം കവിഞ്ഞു; അര ലക്ഷത്തിലേറെ തൊഴില്‍ നഷ്ടപ്പെട്ടവര്‍

expats returning india

തിരുവനന്തപുരം: കൊറോണ പ്രതിസന്ധിയെത്തുടര്‍ന്ന് സ്വദേശത്തേക്ക് മടങ്ങാന്‍ നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്ത പ്രവാസി മലയാളികളുടെ എണ്ണം 4.13 ലക്ഷമായി. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് 1,50,054 മലയാളികളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതോടെ ലോക് ഡൗണിനെ തുടര്‍ന്ന് കേരളത്തിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നവരുടെ എണ്ണം 5.63 ലക്ഷമായി.

രജിസ്റ്റര്‍ ചെയ്ത പ്രവാസികളില്‍ 61,009 പേര്‍ തൊഴില്‍ നഷ്ടപ്പെട്ടവരാണ്. 9,827 ഗര്‍ഭിണികളും 10,628 കുട്ടികളും 11,256 വയോജനങ്ങളും ഉള്‍പ്പെടുന്നു. പഠനം പൂര്‍ത്തിയാക്കിയ 2,902 വിദ്യാര്‍ത്ഥികളും മടങ്ങിവരും. വാര്‍ഷികാവധിക്ക് വരാന്‍ ആഗ്രഹിക്കുന്ന 70,638 പേരും, സന്ദര്‍ശന വിസ കാലാവധി കഴിഞ്ഞ 41,236 പേരും വിസാ കാലാവധി കഴിഞ്ഞതും റദ്ദാക്കപ്പെട്ടവരുമായ 27,100 പ്രവാസികളും മടങ്ങിവരാന്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ജയില്‍ മോചിതരായ 806 പേരും മറ്റുള്ള കാരണങ്ങളാല്‍ 1,28,061 വിദേശ പ്രവാസികളും കേരളത്തിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. രജിസ്റ്റര്‍ ചെയ്തിട്ടുള്ള വിദേശ മലയാളികളുടെ പേരു വിവരവും മുന്‍ഗണനാക്രമവും കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിനും അതത് രാജ്യത്തെ എംബസികള്‍ക്കും അയച്ചുകൊടുക്കും.

ഇതര സംസ്ഥാന പ്രവാസികളുടെ രജിസ്‌ട്രേഷനില്‍ കര്‍ണാടകയില്‍ നിന്ന് മടങ്ങിവരാന്‍ ഉള്ളവരുടെ എണ്ണം അരലക്ഷത്തോളമായി. തമിഴ്‌നാട്ടില്‍നിന്ന് 45,491 പേരും മഹാരാഷ്ട്രയില്‍ നിന്ന് 20,869 പേരും കേരളത്തിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നുണ്ട്.

The number of expatriate Malayalees registered in the NORKA to returning to the country after the Corona crisis hit 4.13 lakh.