വിദ്യാഭ്യാസ മേഖലയിൽ എ ഐ സാങ്കേതികവിദ്യ ഉപയോഗിക്കാനൊരുങ്ങി ഖത്തർ

ദോഹ: ഖത്തറിന്റെ വിദ്യാഭ്യാസ മേഖലയിൽ പുതിയ മാറ്റങ്ങൾ കൊണ്ടുവരാനൊരുങ്ങുകയാണ് വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം. എ ഐ സാങ്കേതിക വിദ്യ വിദ്യാഭ്യാസ മേഖലയിൽ ഉപയോഗിച്ച് കാര്യക്ഷമമായ മാറ്റങ്ങൾ കൊണ്ടുവരാനാണ് ലക്‌ഷ്യം. വിദ്യാഭ്യാസ പ്രക്രിയകള്‍ കാര്യക്ഷമമാക്കുന്നതിനും നിയന്ത്രിക്കുന്നതിനും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) സഹായിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

നാഷണല്‍ വിഷന്‍ 2030മായി ഈ സംരംഭം യോജിപ്പിക്കുമെന്നും മന്ത്രാലയം പറഞ്ഞു . വിദ്യാഭ്യാസ ഗുണനിലവാരം ഉയര്‍ത്തുന്നതിനും, ഭാവി പ്രവണതകള്‍ ഫലപ്രദമായി നിരീക്ഷിക്കാനും നിയന്ത്രിക്കാനും മുന്‍കൂട്ടി അറിയാനും എഐ സാങ്കേതികവിദ്യ സഹായകരമാകുമെന്നും മന്ത്രാലയം അറിയിച്ചു.

യഥാര്‍ത്ഥ സാഹചര്യത്തില്‍ മനുഷ്യന്‍ എങ്ങനെ പെരുമാറുന്നുവോ അതിനോട് കിടപിടിക്കുന്ന രീതിയില്‍ പെരുമാറാന്‍ കഴിയുന്ന തരത്തില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ജീവിതത്തിന്റെ എല്ലാ തുറകളിലും സ്ഥാനം പിടിച്ച് കഴിഞ്ഞു. അറിവും പരിചയ സമ്പത്തും പഠന രീതിയും എല്ലാം അടങ്ങുന്നതാണ് വിദ്യാഭ്യാസമെന്ന അനുഭവം. പക്ഷേ, ഓരോ വിദ്യാര്‍ത്ഥിയുടെയും കഴിവും താല്‍പര്യവും വ്യത്യസ്തമായിരിക്കും. അതുകൊണ്ട് തന്നെ ഓരോ വിദ്യാര്‍ത്ഥികള്‍ക്കും വേണ്ട ശ്രദ്ധയും വേറെവേറെ ആയിരിക്കും. ഇത്തരത്തില്‍ വിവിധ ആവശ്യങ്ങള്‍ നിറവേറ്റുന്നതില്‍ വിദ്യാഭ്യാസ രംഗത്ത് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന് വലിയ പങ്കുണ്ട്. സങ്കീര്‍ണ്ണമായ ഒരായിരം മാതൃകകള്‍ ഉള്‍ക്കൊള്ളുന്ന ഡാറ്റാബേസും അനലിറ്റിക്കല്‍ എന്‍ജിനും ചേര്‍ന്ന് വ്യക്തിഗത മൂല്യനിര്‍ണ്ണയത്തിനും അതുവഴി ഓരോ വിദ്യാര്‍ത്ഥിയുടെയും പ്രകടനം വിലയിരുത്താനും ഇവ സഹായിക്കും.