Tuesday, September 27, 2022
HomeGulfവോളിഖ് സംഘടിപ്പിക്കുന്ന ആസാദി വോളി ഉത്സവ് ഇന്ന്

വോളിഖ് സംഘടിപ്പിക്കുന്ന ആസാദി വോളി ഉത്സവ് ഇന്ന്

ദോഹ: ഇന്ത്യൻ സ്പോർട്സ് സെൻ്ററിലെ അസോസിയേറ്റഡ് കായിക സംഘടനയായ വോളിഖ് ഇന്ത്യൻ സ്വാതന്ത്ര്യ ദിനാഘോഷത്തിൻ്റെ ഭാഗമായി ആഗസ്റ്റ് 19 വെളളിയാഴ്ച ആസ്പയർ ഡോമിൽ ‘കോൺഫിഡൻ്റ് കപ്പ് ആസാദി വോളി ഉത്സവ്’ എന്ന പേരിൽ ഒരു ഏകദിന വോളീബോൾ ടൂർണ്ണമെൻ്റ് സംഘടിപ്പിക്കും. ഇന്ത്യൻ എംബസി ഡിഫൻസ് അറ്റാഷെ ക്യാപ്ടൻ മോഹൻ അട്‌ല ടൂർണമെന്റ് ഉദ്‌ഘാടനം ചെയ്യും.

ഖത്തറിലെ കിടയറ്റ പ്രവാസി താരങ്ങളെ അണിനിരത്തി കെ എം സി സി കോഴിക്കോട്, ഇൻകാസ് കോഴിക്കോട്, തൃശൂർ ജില്ലാ സഹൃദയ വേദി, വിവ വടകര എന്നീ സംഘടനകളാണ് ടീമുകളുമായി രംഗത്തെത്തുന്നത്.

പ്രസ്തുത ചടങ്ങിൽ കഴിഞ്ഞ നാല് പതിറ്റാണ്ട് കാലമായി ഖത്തറിൽ കായിക രംഗത്ത് – പ്രത്യേകിച്ച് വോളീബോൾ മേഖലയിലെ നിറ സാന്നിധ്യമായ അബ്ദുല്ല കേളോത്തിനെ ‘പ്രവാസി കായിക ശ്രേഷ്ഠ’ അവാർഡ് നൽകി ടൂർണമെൻ്റ് വേദിയിൽ ആദരിക്കും.

ഖത്തർ മിലിട്ടറി ടീം, വിവിധ ക്ലബ്ബുകൾ എന്നിവയ്ക്ക് വേണ്ടി പ്രൊഫഷനൽ രീതിയിൽ കളിച്ചിട്ടുള്ള അബ്ദുല്ല, അബ്ദുൽ റസാഖ്, ഉദയ കുമാർ, സിറിൽ സി വള്ളൂർ, സന്ദീപ് ശർമ, ജോബി ജോസഫ് തുടങ്ങിയ ഇന്ത്യയിൽ നിന്നും നിരവധി മിന്നും താരങ്ങളെ ഖത്തർ ക്ലബുകൾക്കായി ഒരുക്കി നൽകിയിട്ടുണ്ട്.

ആസാദി വോളി ഉത്സവിൻ്റെ ഫൈനൽ വേളയിൽ ഖത്തർ വോളീബോൾ അസോസിയേഷൻ ജനറൽ സെക്രട്ടറിയും ഖത്തറിൻ്റെ മുൻ ഇൻ്റർനാഷണൽ കളിക്കാരനുമായിരുന്ന യൂസഫ് കാനു ആണ് അബ്ദുല്ല കേളോത്തിന് അവാർഡ് ദാനം നൽകി നിർവഹിക്കുന്നത്.

ഇന്ത്യൻ സ്പോർട്സ് സെൻ്റർ അഡ്വൈസറി ബോർഡ് ചെയർമാനും വോളിഖ് ചീഫ് പാട്രനും ആയ മുഹമ്മദ് ഈസ, ഐ എസ് സി ജനറൽ സെക്രട്ടറി ശ്രീനിവാസൻ തുടങ്ങിയവർ ഉൽഘാടന ചടങ്ങിൽ പങ്കെടുക്കും. തുടർന്ന് നാല് ടീമുകളും ലീഗ് റൗണ്ടിൽ പരസ്പരം മാറ്റുരയ്ക്കും. ഏറ്റവും കൂടുതൽ പോയിൻ്റുകൾ നേടുന്ന രണ്ട് ടീമുകൾ രാത്രി 8: 30ന് നടക്കുന്ന ഫൈനൽ മത്സരത്തിൽ ഏറ്റുമുട്ടും.

സമാപന ചടങ്ങിൽ ഇന്ത്യൻ സ്പോർട്ട്സ് സെൻ്റർ പ്രസിഡൻ്റ് ഡോ മോഹൻ തോമസ് മുഖ്യാതിഥി ആവും. ടൂർണമെൻ്റ് പ്രായോജകരായ കോൺഫിഡൻ്റ് എൻ്റർപ്രൈസസ് ചീഫ് ബാബു മാധവൻ , ഷാനവാസ് ഷെറാട്ടൻ എന്നിവർ ജേതാക്കൾക്കുള്ള ട്രോഫിയും പ്രൈസ് മണിയും വിതരണം ചെയ്യും.

Most Popular