Wednesday, September 28, 2022
HomeGulfഏഷ്യ കപ്പ് ക്രിക്കറ്റ്: ഇന്ത്യയും പാകിസ്ഥാനും വീണ്ടും നേർക്കുനേർ

ഏഷ്യ കപ്പ് ക്രിക്കറ്റ്: ഇന്ത്യയും പാകിസ്ഥാനും വീണ്ടും നേർക്കുനേർ

അബുദാബി: യുണൈറ്റഡ് അറബ് എമിറേറ്റ്‌സിൽ (യുഎഇ) നടക്കുന്ന 2022 ഏഷ്യാ കപ്പിന്റെ സൂപ്പർ ഫോർ സ്റ്റേജ് ഇന്ന് ഷാർജയിൽ ആരംഭിക്കും. ഇന്ത്യ, അഫ്ഗാനിസ്ഥാൻ, പാകിസ്ഥാൻ, ഔദ്യോഗിക ആതിഥേയരായ ശ്രീലങ്ക എന്നീ ടീമുകളാണ് സൂപ്പർ ഫോറിൽ മത്സരിക്കുന്നത്. ഗ്രൂപ്പ് എയിൽ നിന്ന് ഇന്ത്യയും പാകിസ്ഥാനും ബിയിൽ നിന്ന് അഫ്ഗാനിസ്ഥാനും ശ്രീലങ്കയുമാണ് സൂപ്പർ ഫോറിലെത്തിയത്.

വെള്ളിയാഴ്ച ഷാർജയിൽ ഹോങ്കോങ്ങിനെതിരെ 155 റൺസിന്റെ കൂറ്റൻ ജയത്തോടെയാണ് പാകിസ്ഥാൻ അവസാനഘട്ടത്തിൽ സ്ഥാനമുറപ്പിച്ചത്. എ ഗ്രൂപ്പിൽ ഇന്ത്യയ്ക്കു പിന്നിൽ രണ്ടാംസ്ഥാനക്കാരായാണ് പാക്കിസ്ഥാന്റെ സൂപ്പർ ഫോർ പ്രവേശനം. ഇതോടെ ഏഷ്യാകപ്പിൽ തുടർച്ചയായ രണ്ടാം ഞായറാഴ്ചയും ദുബായിൽ ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടും. ഗ്രൂപ്പ് ഘട്ടത്തിലെ മത്സരത്തിൽ അഞ്ചു വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം.

സൂപ്പർ ഫോർ റൗണ്ട് റോബിൻ ഫോർമാറ്റിലാണ് നടക്കുക. അതിനാൽ ഓരോ ടീമും മറ്റ് മൂന്ന് ടീമുകളെ ഒരു തവണ നേരിടും. ആറ് മത്സരങ്ങൾ അവസാനിക്കുമ്പോൾ ആദ്യ രണ്ട് ടീമുകൾ ഫൈനലിൽ മത്സരിക്കും. സെപ്റ്റംബർ 11 ന് ദുബായിയിലാണ് ഫൈനൽ നടക്കുക.

ഏഷ്യാ കപ്പ് സൂപ്പർ ഫോർ മത്സരക്രമം

ശനി: ശ്രീലങ്ക– അഫ്ഗാനിസ്ഥാൻ

ഞായർ: ഇന്ത്യ– പാക്കിസ്ഥാൻ

ചൊവ്വ: ഇന്ത്യ– ശ്രീലങ്ക

ബുധൻ: അഫ്ഗാനിസ്ഥാൻ– പാക്കിസ്ഥാൻ

വ്യാഴം: ഇന്ത്യ– അഫ്ഗാനിസ്ഥാൻ

വെള്ളി: ശ്രീലങ്ക–പാക്കിസ്ഥാൻ

എല്ലാ മത്സരങ്ങളും ഇന്ത്യൻ സമയം വൈകുന്നേരം 7:30 – ന് (പ്രാദേശിക സമയം 6 മണിക്ക്) ആരംഭിക്കും. മത്സരങ്ങൾ സ്റ്റാർ സ്‌പോർട്‌സ് നെറ്റ്‌വർക്കിൽ തത്സമയം സംപ്രേക്ഷണം ചെയ്യും, തത്സമയ സ്ട്രീമിംഗ് ഡിസ്നി + ഹോട്ട്‌സ്റ്റാർ ആപ്പിലും വെബ്‌സൈറ്റിലും ലഭ്യമാകും.

*ഇന്ത്യയ്ക്ക് തിരിച്ചടിയായി ജഡേജയുടെ പരുക്ക്*

അതേസമയം സൂപ്പർ ഫോർ മത്സരങ്ങൾക്കു മുൻപ് ഇന്ത്യയ്ക്കു തിരിച്ചടിയായി രവീന്ദ്ര ജഡേജയുടെ പരുക്ക്. വലതു കാൽമുട്ടിനേറ്റ പരുക്കാണ് ഓൾ‌റൗണ്ടർക്ക് ടൂർണമെന്റിലെ ശേഷിക്കുന്ന മത്സരങ്ങൾ നഷ്ടമാക്കിയത്. അക്ഷർ പട്ടേലിനെ പകരക്കാരനായി ടീമിലുൾപ്പെടുത്തി

Most Popular