ഏഷ്യൻ ഗെയിംസ്- 2030: ലോഗോ പ്രകാശനം ചെയ്ത് ഖത്തർ

ദോഹ: 2030ൽ നടക്കാൻ പോകുന്ന ഏഷ്യൻ ഗെയിംസ് വേദിക്കായി ഖത്തർ ആകർഷകമായ ലോഗോയും മുദ്രാവാക്യവും പ്രകാശനം ചെയ്തു. ഏഷ്യൻ ഗെയിംസ് ആതിഥേയത്വത്തിനായി ബിഡ് സമർപ്പിക്കുന്നതിനുള്ള താത്പര്യം ഖത്തർ ഒളിമ്പിക്‌സ് കമ്മിറ്റി (ക്യുഒസി) നേരത്തേ പ്രഖ്യാപിച്ചിരുന്നു.

ഖത്തറിന്റെ പാരമ്പര്യവും ആധുനികതയും സമന്വയിപ്പിക്കുന്ന ഏഷ്യയുടെ ഓർമയിൽ എന്നും നിലനിൽക്കുന്ന ഈ ഗെയിമിന് ആതിഥേയത്വം വഹിക്കാനുള്ള രാജ്യത്തിന്റെ പ്രതിജ്ഞാബദ്ധതയെ പ്രതിഫലിപ്പിക്കുന്നതാണ് ലോഗോ. നിങ്ങളുടെ പ്രവേശനകവാടം (യുവർ ഗേറ്റ് വേ) എന്നതാണ് മുദ്രാവാക്യം.

കോവിഡ് പ്രതിസന്ധിയിൽ വെർച്വൽ സംവിധാനത്തിലായിരുന്നു ലോഗോ പ്രകാശന ചടങ്ങ് നടന്നത്. ക്യുഒസി പ്രസിഡന്റും ദോഹ 2030 ഏഷ്യൻ ഗെയിംസ് ബിഡ് കമ്മിറ്റി ചെയർമാനുമായ ഷൈയ്ഖ് ജുആൻ ബിൻ ഹമദ് ബിൻ ഖലീഫ അൽ താനിയും ഖത്തരി അത്ലറ്റുകളും കമ്മിറ്റി പ്രതിനിധികളും ചേർന്നാണ് ലോഗോ പ്രകാശനം നിർവഹിച്ചത്.