സോഷ്യല്‍ മീഡിയയിലെ മുസ്ലിം വിദ്വേഷപ്രചാരണം; ഗള്‍ഫ് രാജ്യങ്ങളില്‍ സജീവ ചര്‍ച്ചയാവുന്നു

സോഷ്യല്‍ മീഡിയയിലെ മുസ്ലിം വിദ്വേഷപ്രചാരണം; ഗള്‍ഫ് രാജ്യങ്ങളില്‍ സജീവ ചര്‍ച്ചയാവുന്നു

ദോഹ: സംഘപരിവാരം കാലങ്ങളായി തുടരുന്ന സോഷ്യല്‍ മീഡിയയിലെ മുസ്ലിംവിരുദ്ധ പ്രചാരണം ഗള്‍ഫ് രാജ്യങ്ങളിലെ അറബ് വംശജര്‍ക്കിടയില്‍ സജീവ ചര്‍ച്ചയാവുന്നു. യുഎഇ രാജകുടുംബാംഗം ഉള്‍പ്പെടെയുള്ളവര്‍ വിഷയം ഏറ്റെടുത്തതോടെ ഇസ്ലാമോഫോബിയ ഇന്‍ ഇന്ത്യ എന്ന ഹാഷ് ടാഗ് ട്വിറ്ററില്‍ ട്രെന്‍ഡായി മാറി.

കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് യുഎഇയിലെ സംഘപരിവാര ബന്ധമുള്ള ചില ഐഡികളുടെ മുസ്ലിം വിരുദ്ധ പ്രചാരണമാണ് ഇപ്പോള്‍ ചര്‍ച്ച ചൂട് പിടിക്കാന്‍ കാരണമായത്. യുഎഇ രാജകുടുംബാഗവും വ്യവസായിയുമായ ഹിന്ദ് അല്‍ ഖാസിമി രാജകുമാരി ഇതിനെതിരേ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ അറബ് ലോകത്ത് നിന്നുള്ള നിരവധി പ്രമുഖര്‍ ഇത് ഏറ്റെടുക്കുകയായിരുന്നു.

രാജകുടുംബം ഇന്ത്യയുടെ സുഹൃത്തുക്കളാണ്. പക്ഷേ, ഒരു രാജകുടുംബാംഗമെന്ന നിലയില്‍ അപമര്യാദ അനുവദിച്ചുകൊടുക്കാനാവില്ല- ഹിന്ദ് അല്‍ ഖാസിമി രാജകുമാരി ട്വിറ്ററില്‍ എഴുതി. എല്ലാ തൊഴിലാളികളും ശമ്പളം വാങ്ങിയാണ് ഇവിടെ പണിയെടുക്കുന്നത്. ആരും സൗജന്യമായി വന്നവരല്ല. നിങ്ങള്‍ അന്നം തേടുന്ന നാടാണിത്. അവരെ പുഛിക്കുകയും പരിഹസിക്കുകയും ചെയ്യുന്നത് കണാതെ പോകുമെന്ന് കരുതരുത്- ഹിന്ദ് അല്‍ ഖാസിമി മുന്നറിയിപ്പ് നല്‍കി. ഇത്തരക്കാര്‍ യുഎഇ വിടേണ്ടിവരുമെന്നും അവര്‍ വ്യക്തമാക്കി.

ഇന്ത്യയില്‍ മുസ്ലിംകള്‍ക്കെതിരേ നടക്കുന്ന അതിക്രമങ്ങളിലും വിദ്വേഷപ്രചാരണങ്ങളിലും അവര്‍ നിരാശ പ്രകടിപ്പിച്ചു. ഇത്തരം പ്രചാരകര്‍ യഥാര്‍ത്ഥ ഇന്ത്യയെ പ്രതിനിധീകരിക്കുന്നില്ലെന്നും അവര്‍ പറഞ്ഞു.

ഇന്ത്യന്‍ മുസ്ലിംകളുടെ കാര്യം ജനീവയിലെ യുഎന്‍ മനുഷ്യാവകാശ സമിതിയില്‍ എത്തിക്കുമെന്ന് പ്രമുഖ കുവൈത്തി അഭിഭാഷകനും ഇന്റര്‍നാഷനല്‍ ഹ്യുമന്‍ റൈറ്റ്‌സ് ഡയറക്ടറുമായ മെജ്ബല്‍ അല്‍ ശരിഖ പറഞ്ഞു. ഗള്‍ഫ് ന്യൂസ്, ഖലീജ് ടൈംസ് ഉള്‍പ്പെടെയുള്ള യുഎഇയിലെ പ്രമുഖ ഇംഗ്ലീഷ് പത്രങ്ങളും ഇസ്ലാമോഫോബിയക്കെതിരേ ശക്തമായി രംഗത്തെത്തിയിട്ടുണ്ട്.

ഡല്‍ഹിയിലെ തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത ചിലര്‍ക്ക് കൊറോണ കണ്ടെത്തിയെന്ന റിപോര്‍ട്ട് സംഘപരിവാരം മുസ്ലിംകള്‍ക്കെതിരേ വ്യാപകമായി ഉപയോഗിച്ചിരുന്നു. എല്ലാവരും കൊറോണയെ യോജിച്ച് നേരിടുന്ന സന്ദര്‍ഭത്തില്‍ മുസ്ലിംകള്‍ക്കെതിരായ വിദ്വേഷപ്രചാരണം നടത്തുന്ന സംഘപരിവാര അനുയായികള്‍ക്ക് ശക്തമായ തിരിച്ചടിയായിരിക്കുകയാണ് അറബ് ലോകത്തുനിന്നുള്ള പ്രതികരണം.

കഴിഞ്ഞ മാസങ്ങളില്‍ സോഷ്യല്‍ മീഡിയയിലെ വിദ്വേഷപ്രചാരണത്തെ തുടര്‍ന്ന് രണ്ട് ഇന്ത്യക്കാര്‍ക്ക് ദുബയില്‍ ജോലി നഷ്ടപ്പെട്ടിരുന്നു. ദുബയിലെ ഒരു കമ്പനിയില്‍ ചീഫ് അക്കൗണ്ടന്റായി ജോലി ചെയ്യുന്നയാളെ കൊറോണയുമായി ബന്ധപ്പെട്ട ഫേസ്ബുക്ക് പോസ്റ്റിനെ തുടര്‍ന്നാണ് പുറത്താക്കിയത്. പൗരത്വനിയമത്തിനെതിരേ പ്രതികരിച്ച ഡല്‍ഹിയിലെ നിയമവിദ്യാര്‍ഥിയെ ബലാല്‍സംഗം ചെയ്യുമെന്ന് പ്രഖ്യാപിച്ച ദുബയ് റസ്റ്റോറന്റിലെ ഇന്ത്യക്കാരനായ ഷെഫാണ് ജോലി നഷ്ടപ്പെട്ട മറ്റൊരാള്‍.

ഇന്ത്യയില്‍ വളര്‍ന്നുവരുന്ന ഇസ്ലാമോഫോബിയക്കെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്നു ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോഓപറേഷന്‍ ആവശ്യപ്പെട്ടു.

സംഗതി പുലിവാലാകുമെന്ന് കണ്ടതോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതികരണവുമായി രംഗത്തെത്തി. കൊറോണ മതമോ ജാതിയോ നോക്കിയല്ല പിടിപെടുന്നതെന്നും നമ്മുടെ പ്രതികരണം സാഹോദര്യത്തില്‍ അധിഷ്ടിതമാവണമെന്നും മോദി പ്രതികരിച്ചു.

വിഭാഗീയത നമ്മുടെ ധാര്‍മികതയ്ക്കും നിയമത്തിനും നിരക്കാത്തതാണെന്ന് യുഎഇയിലെ ഇന്ത്യന്‍ അംബാസഡര്‍ പ്രതികരിച്ചു. യുഎഇയിലെ ഇന്ത്യക്കാര്‍ ഇത് എപ്പോഴും ഓര്‍ക്കണമെന്നും അംബാസഡര്‍ പവന്‍ കപൂര്‍ പറഞ്ഞു.

Backlash grows in UAE against rising tide of Islamophobia in India