Friday, October 22, 2021
HomeGulfBahrainബഹ്‌റൈന്‍ ജയിലുകളില്‍ നൂറുകണക്കിന് കുട്ടികള്‍; കടുത്ത പീഡനമെന്ന് റിപോര്‍ട്ട്

ബഹ്‌റൈന്‍ ജയിലുകളില്‍ നൂറുകണക്കിന് കുട്ടികള്‍; കടുത്ത പീഡനമെന്ന് റിപോര്‍ട്ട്

മനാമ: ബഹ്‌റൈനിലെ ജയിലുകളില്‍ കുട്ടികള്‍ക്ക് നേരെ കടുത്ത മനുഷ്യാവകാശ ലംഘനം നടക്കുന്നതായി റിപോര്‍ട്ട്. കഴിഞ്ഞ 10 വര്‍ഷത്തിനിടെ 607 കുട്ടികള്‍ ജയിലില്‍ വിവിധ തരത്തിലുള്ള പീഡനത്തിനിരയായതായി അല്‍ ജസീറ പുറത്തുവിട്ട അന്വേഷണ റിപോര്‍ട്ടില്‍ പറയുന്നു.

ചോര്‍ന്നുകിട്ടിയ ജുഡീഷ്യല്‍ റിപോര്‍ട്ടുകള്‍, കുട്ടികളുടെ സാക്ഷിമൊഴികള്‍ എന്നിവയെ അടിസ്ഥാനമാക്കിയാണ് റിപോര്‍ട്ട് തയ്യാറാക്കിയത്. ഭീഷണിക്കു പുറമേ ചോദ്യം ചെയ്യല്‍ വേളയില്‍ ശാരീരിക പീഡനത്തിനിരയാക്കിയതായി കുട്ടികള്‍ വെളിപ്പെടുത്തി.

കുട്ടികളെ മിക്കപ്പോഴും രക്ഷിതാക്കളുടെയോ അഭിഭാഷകരുടെയോ സാന്നിധ്യമില്ലാതെയാണ് ചോദ്യം ചെയ്യുന്നത്. നിലവില്‍ 150ലേറെ കുട്ടികള്‍ ബഹ്‌റൈന്‍ ജയിലില്‍ ഉണ്ടെന്ന് പ്രോസിക്യൂഷന്‍ ഓഫിസുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അല്‍ജസീറയോട് വെളിപ്പെടുത്തി.

കുറ്റംനിഷേധിച്ച കുട്ടികളെ ശാരീരിക മാനസിക പീഡനത്തിനിരയാക്കി പിന്നീട് കുറ്റം സമ്മതിപ്പിച്ച സംഭവങ്ങളും അന്വേഷണത്തില്‍ വെളിപ്പെട്ടു.

16 വയസ്സ് മുതല്‍ തന്നെ ജയിലില്‍ ഏകാന്ത തടവില്‍ പാര്‍പ്പിച്ചതായി യുവാവ് അല്‍ജസീറയോട് വെളിപ്പെടുത്തി. ഏകാന്ത തടവുകാരെ കട്ടിലില്‍ ചങ്ങലക്കിടും. കൈയിലും കാലിലും ആമം വയ്ക്കും. അവരെ കുളിക്കാനോ വസ്ത്രം മാറാനോ അനുവദിക്കാറില്ലെന്നും യുവാവ് വെളിപ്പെടുത്തി.

രാജ്യത്തെ ജയിലില്‍ കുട്ടികളൊന്നുമില്ലെന്ന് ബഹ്‌റൈന്‍ ആഭ്യന്തര മന്ത്രാലയം അല്‍ ജസീറ റിപോര്‍ട്ടിനോട് പ്രതികരിച്ചു. എന്നാല്‍, 15 മുതല്‍ 18 വരെ പ്രായമുള്ള ചിലര്‍ ദുര്‍ഗുണ പരിഹാര പാഠശാലകളില്‍ ഉണ്ട്. ക്രമിനല്‍ കേസിലും, ഭീകരവാദ കേസിലുമാണ് കുട്ടികള്‍ ശിക്ഷിക്കപ്പെട്ടിട്ടുള്ളതെന്നും അവര്‍ക്ക് നീതിപുര്‍വകമായ വിചാരണ ലഭിക്കുന്നുണ്ടെന്നും അധികൃതര്‍ അവകാശപ്പെട്ടു.

ശിയാ ഭൂരിപക്ഷ രാജ്യമായ ബഹ്‌റൈനില്‍ സുന്നി ഏകാധിപത്യ ഭരണമാണ്. 2011ലെ അറബ് വസന്തത്തിന് ശേഷം ബഹ്‌റൈനില്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ വലിയ തോതില്‍ വര്‍ധിച്ചിരുന്നു.
ALSO WATCH

Most Popular