ബഹറൈനിലെ ദേ​ശീ​യ പൈ​തൃ​ക​മാ​യ റി​ഫ ​ക്ലോ​ക്ക്​ ട​വ​ര്‍ മാ​റ്റി​സ്​​ഥാ​പിക്കാന്‍ നീക്കം

മനാമ: റോഡ് വികസനത്തിന്റെ ഭാഗമായി ദേശീയ പൈതൃകമായ റിഫ ക്ലോക്ക്
ടവര്‍ മാറ്റിസ്ഥാപിക്കാന്‍ നീക്കം. ഇതുസംബന്ധിച്ച പദ്ധതിക്ക് സതേണ്‍ മുനിസിപ്പല്‍ കൗണ്‍സില്‍ അംഗീകാരം നല്‍കി. റിഫ ഹൈവേയും കലി അല്‍അഹദ് ഹൈവേയും ശൈഖ് സല്‍മാന്‍ അവന്യൂവുമാണ് വികസിപ്പിക്കുന്നതിന്റെ ഭാഗമായാണ് ചരിത്രമുറങ്ങുന്ന ക്ലോക്ക് ടവര്‍ മറ്റൊരു സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കുന്നത്.

വിശുദ്ധ പൈതൃകമല്ലെങ്കിലും റിഫ ക്ലോക്ക് ടവര്‍ ജനഹൃദയങ്ങളില്‍ സ്ഥാനം പിടിച്ചതാണ്. പക്ഷേ, റോഡ് വികസനത്തിന് ഇത് മാറ്റുകയല്ലാതെ നിര്‍വാഹമില്ലാത്തതിനാലാണ് ഇതിന് തയാറാകുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇതോടൊപ്പം പഴയ ഓയില്‍ പൈപ്പ്‌ലൈനുകളും മാറ്റി സ്ഥാപിക്കുന്നുണ്ട്. കൂടുതല്‍ ലൈനുകളിലേക്ക് റോഡ് വികസിപ്പിക്കുകയാണ് ലക്ഷ്യം. ക്ലോക്ക്
ടവര്‍ മാറ്റി സ്ഥാപിക്കുന്ന സ്ഥലം സംബന്ധിച്ച് തീരുമാനമുണ്ടായിട്ടില്ല.

ഏതുസമയവും ഈ റോഡുകളില്‍ വാഹനങ്ങള്‍ നിറഞ്ഞൊഴുകുന്നതുമൂലം ഗതാഗതക്കുരുക്ക് പതിവാണ്. വാഹനപ്പെരുക്കം കാരണം ഇനിയും റോഡ് വികസനം സാധ്യമായില്ലെങ്കില്‍ ഗതാഗതക്കുരുക്ക് മണിക്കൂറുകള്‍ നീളാനുള്ള സാധ്യത മുന്നില്‍കണ്ടാണ് എത്രയും വേഗം വികസനം സാധ്യമാക്കാന്‍ മുനിസിപ്പാലിറ്റി അഫയേഴ്‌സ് മന്ത്രാലയം പദ്ധതി തയാറാക്കിയത്.