മനാമ: ലോക്ക്ഡൗണിനെ തുടര്ന്ന് നാട്ടില്‍ പോവാനാവാതെ സന്ദര്‍ശക വിസയുടെ കാലാവധി കഴിഞ്ഞ ബഹ്‌റയ്‌നിലെ പ്രവാസികള്‍ക്ക് ആശ്വാസം. വിമാനയാത്രാ വിലക്ക് കാരണം നാട്ടില്‍ പോവാനാവാത്തവരുടെ വിസാ കാലാവധി നീട്ടി നല്‍കുമെന്ന് പബ്ലിക് സെക്യൂരിറ്റി ചീഫ് ലഫ്. ജനറല്‍ താരിഖ് അല്‍ ഹസന്‍ അറിയിച്ചു.
ഇതിനായി പ്രത്യേക അപേക്ഷയോ ചാര്‍ജോ വേണ്ടതില്ല. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ ചൊവ്വാഴ്ച ചേര്‍ന്ന യോഗത്തിലാണ് തീരുമാനം ഉണ്ടായത്. ഖത്തര്‍ ഉള്‍പ്പെടെയുള്ള മറ്റു ഗള്‍ഫ് രാജ്യങ്ങളും നേരത്തേ സമാനമായ ഇളവ് പ്രഖ്യാപിച്ചിരുന്നു.