ഒരേ സമയം മൂന്ന് പേരുടെ ഭാര്യ; ബഹ്‌റൈനില്‍ യുവതിക്ക് 11 വര്‍ഷം തടവ്

women in jail

മനാമ: ഒരേസമയം 3 പുരുഷന്മാരുടെ ഭാര്യയായി ജീവിച്ച സ്വദേശി വനിതയ്ക്ക് ബഹ്‌റൈന്‍ ക്രിമിനല്‍ കോടതി 11 വര്‍ഷം തടവ് ശിക്ഷ വിധിച്ചു. സുഹൃത്തുക്കളായ 3 പേരെയാണ് മുപ്പതുകാരി അവര്‍ പരസ്പരം അറിയാതെ വിവാഹം ചെയ്തത്. 2 പേരില്‍നിന്ന് മഹ്ര്‍ (വിവാഹധനം) ആയി 4,500 ദിനാറും (ഏകദേശം 11 ലക്ഷത്തിലേറെ രൂപ) സ്വീകരിച്ചിരുന്നു.

താന്‍ നേരത്തേ വിവാഹം ചെയ്തിട്ടില്ലെന്ന് ബോധ്യപ്പെടുത്തിയാണ് യുവതി മൂന്ന് പേരെയും വഞ്ചിച്ചത്. വ്യാജരേഖകള്‍ ചമച്ച് വ്യത്യസ്ത പേരു വിവരങ്ങളാണ് മൂന്ന് ഭര്‍ത്താക്കന്മാര്‍ക്കും നല്‍കിയിരുന്നത്.

ആദ്യ ഭര്‍ത്താവിനൊപ്പം നാല് മാസമാണ് യുവതി കഴിഞ്ഞത്. ഈ സമയത്തെയാണ് രണ്ടാമത്തെയാളെ സ്വന്തമാക്കിയത്. രണ്ടാം ഭര്‍ത്താവുമായി ഒരു മാസം കഴിഞ്ഞതോടെ മൂന്നാം വിവാഹം നടത്തി. ഒരാഴ്ച്ച കഴിഞ്ഞ് മൂന്നാമന് സംശയം തോന്നിയതോടെയാണ് യുവതി വലയിലായത്.

തങ്ങള്‍ മൂന്ന് പേരും വിവാഹം ചെയ്തത് ഒരേ യുവതിയെ ആണെന്ന് സുഹൃത്തുക്കള്‍ മനസ്സിലാക്കിതോടെയാണ് യുവതി അറസ്റ്റിലായത്. രസകരമായ കാര്യം മൂന്ന് ഭര്‍ത്താക്കന്മാരും യുവതിയിലേക്കെത്തിയത് ഒരേ സ്ത്രീയിലൂടെ ആണെന്നതാണ്. തങ്ങള്‍ക്ക് പെണ്‍കുട്ടിയെ തേടി ഈ സ്ത്രീയെ സമീപിച്ച മൂന്നുപേര്‍ക്കും അവര്‍ ഒരേ ആളുടെ നമ്പര്‍ നല്‍കുകയായിരുന്നു.

അടുത്തയാളെ വിവാഹം ചെയ്തത് ആദ്യത്തെയാളെ വിവാഹമോചനം നടത്തിയാണെന്ന് യുവതി കോടതിയില്‍ വാദിച്ചെങ്കിലും അന്വേഷണത്തില്‍ അങ്ങിനെ അല്ലെന്ന് ബോധ്യപ്പെട്ടു.
ALSO WATCH