കോവിഡ് നിയമ ലംഘനം; ബഹ്‌റൈനിൽ മൂന്ന് റെസ്‌റ്റോറന്റുകൾ അടച്ചുപൂട്ടി

മനാമ: ബഹ്‌റൈനിൽ കോവിഡ് നിർദേശങ്ങളും മാനദണ്ഡങ്ങളും പാലിക്കാതെ പ്രവർത്തിച്ച മൂന്ന് റെസ്‌റ്റോറന്റുകൾ അടച്ചുപൂട്ടി. ഒരാഴ്ചത്തേക്കാണ് റെസ്റ്റോറന്റുകള്‍ അടച്ചുപൂട്ടിയത്. നിയമ ലംഘനം നടന്നു എന്ന് കണ്ടെത്തിയ 35 ളം റെസ്റ്റോറന്റുകൾക്ക് ആരോഗ്യ വിഭാഗം പിഴ ചുമത്തി.

ആഭ്യന്തര മന്ത്രാലയം, ബഹ്‌റൈന്‍ ടൂറിസം ആന്‍ഡ് എക്‌സിബിഷന്‍ അതോറിറ്റി എന്നിവയുമായി സഹകരിച്ചാണ് അധികൃതര്‍ പരിശോധന നടത്തിയത്. 18 വയസ്സില്‍ താഴെയുള്ളവരെയും വാക്‌സിന്‍ സ്വീകരിക്കാത്തവരെയും പ്രവേശിപ്പിക്കുക, കൊവിഡ് ഭേദമായവരുടെ സര്‍ട്ടിഫിക്കറ്റ് ബി അവെയര്‍ ആപ്പില്‍ ഇല്ലാതിരിക്കുക, മുന്‍കരുതല്‍ നടപടികള്‍ ലംഘിക്കുക എന്നീ നിയമലംഘനങ്ങളാണ് കണ്ടെത്തിയത്.
റെസ്റ്റോറന്റുകളും കഫേകളും പാലിക്കേണ്ട മുന്‍കരുതല്‍ നിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച്‌ നേരത്തെ അറിയിപ്പ് നല്‍കിയിരുന്നു. വരും ദിവസങ്ങളിലും പരിശോധനകള്‍ തുടരുമെന്ന് അധികൃതര്‍ അറിയിച്ചു.