ബഹ്‌റയ്‌നില്‍ പ്രവാസി മലയാളി ആത്മഹത്യ ചെയ്തു

മനാമ: പ്രവാസി മലയാളിയെ ബഹ്‌റയ്‌നിലെ താമസസ്ഥലത്ത് ആത്മഹത്യ ചെയ്തു. കോഴിക്കോട് കൊയിലാണ്ടി പാലക്കുളം സ്വദേശി രഘുനാഥന്‍ കുനിയില്‍കണ്ടി(52)യെയാണ് മുഹറഖിലെ താമസ സ്ഥലത്ത് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. 25 വര്‍ഷത്തോളമായി ബഹ്‌റയ്‌നില്‍ ജോലി ചെയ്തുവരികയായിരുന്നു. മുഹറഖിലെ സ്വകാര്യ കമ്പനിയില്‍ പ്ലബര്‍, ഇലക്ട്രീഷന്‍ ജോലി ചെയ്തു വരികയായിരുന്നു. ഭാര്യയും രണ്ടു മക്കളും നേരത്തെ ബഹ്‌റയ്‌നിലുണ്ടായിരുന്നെങ്കിലും ഇപ്പോള്‍ നാട്ടിലാണ്. ബഹ്‌റയ്ന്‍ പോലിസ് ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. തന്റെ ശാരീരിക അസ്വസ്ഥതകളെ കുറിച്ചാണ് കുറിപ്പിലുള്ളതെന്നാണ് സൂചന.

45 ദിവസമായി ഏറെ അസ്വസ്ഥനാണെന്നും ഈയിടെ ഓര്‍മശക്തി നഷ്ടപ്പെട്ടെന്നും കുറിപ്പിലുണ്ട്. ഉറക്കകുറവും ഭക്ഷണത്തോടുള്ള താല്‍പര്യമില്ലായ്മയുമുണ്ട്. ഇത്തരം പല കാരണങ്ങള്‍ കൊണ്ടാണ് താന്‍ ആത്മഹത്യ ചെയ്യുന്നത്. തന്റെ മരണത്തില്‍ മറ്റാര്‍ക്കും പങ്കില്ല. ഭാര്യയും മക്കളുമുള്‍പ്പെടെ നാട്ടിലുള്ളവര്‍ എന്നോട് ക്ഷമിക്കണം. ഈ സമയം മൃതദേഹം പോലും നാട്ടിലേക്ക് കൊണ്ടുപോവാന്‍ കഴിയില്ലെന്നറിയാം. എങ്കിലും എനിക്കിവിടെ പിടിച്ചുനില്‍ക്കാന്‍ കഴിയുന്നില്ല. എന്റെ മനസ് നിങ്ങളോടൊപ്പമുണ്ടാവുമെന്നും കുറിപ്പിലുണ്ട്.
മൃതദേഹം കിങ് ഹമദ് യൂനിവേഴ്‌സിറ്റി ഹോസ്പിറ്റലിലെ മോര്‍ച്ചറിയിലേക്ക് മാറ്റി. ഏപ്രില്‍ 14 വരെ ഇന്ത്യയിലേക്ക് വിമാന സര്‍വീസ് വിലക്കിയതിനാല്‍ മൃതദേഹം അവിടെ തന്നെ സംസ്‌കരിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. ആവശ്യമായ രേഖകള്‍ നാട്ടില്‍ നിന്നെത്തിച്ചിട്ടുണ്ട്. സാമൂഹിക പ്രവര്‍ത്തകരായ കരീം കുളമുള്ളതില്‍, സുബൈര്‍ കണ്ണൂര്‍, നജീബ് കടലായി, മനോജ് വടകര തുടങ്ങിയവരാണ് ഇതിനാവശ്യമായ സഹായങ്ങള്‍ ചെയ്യുന്നത്.