മദ്യപിക്കാന്‍ പണം തികയാത്തതിന് കോള്‍ഡ് സ്‌റ്റോറില്‍ നിന്ന് മോഷണം; ബഹ്‌റൈനില്‍ യുവാവിന് ഏഴ് വര്‍ഷം തടവ്

bahrain jail

മനാമ: ബഹ്റൈനില്‍ കോള്‍ഡ് സ്റ്റോര്‍ ജീവനക്കാരനെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്ത യുവാവിന് ഏഴു വര്‍ഷം തടവ്. ഹൈ ക്രിമിനല്‍ കോടതിയാണ് 34കാരനായ സ്വദേശി യുവാവിന് മോഷണം, അതിക്രമം എന്നിവ ചുമത്തി ശിക്ഷ വിധിച്ചത്. 75 ബഹ്റൈന്‍ ദിനാര്‍ പിഴയും വിധിച്ചു.

ജനുവരി 28നാണ് മാസ്‌കും ഗ്ലൗസും ധരിച്ച് പ്രതി കോള്‍ഡ് സ്റ്റോറിലെത്തിയത്. ജീവനക്കാരനെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തിയ ശേഷം പണം നല്‍കാന്‍ ആവശ്യപ്പെടുകയായിരുന്നു. പിന്നീട് അവിടെയുണ്ടായിരുന്ന 75 ബഹ്റൈന്‍ ദിനാറുമായി കടന്നുകളഞ്ഞ പ്രതി ഒരു ബാറിലെത്തി മദ്യപിച്ചു. കോള്‍ഡ് സ്റ്റോര്‍ ജീവനക്കാരനായ പ്രവാസി ഇന്ത്യക്കാരന്‍ നേരത്തെ കോടതിയില്‍ വെച്ച് പ്രതിയെ തിരിച്ചറിഞ്ഞിരുന്നു.

താന്‍ മദ്യപിച്ചിട്ടാണ് മോഷണം നടത്തിയതെന്നും എപ്പിലെപ്സി, ന്യൂറോപതിക് പെയ്ന്‍, ആങ്സൈറ്റി ഡിസോര്‍ഡര്‍ എന്നിവയ്ക്ക് താന്‍ ഉപയോഗിക്കുന്ന ഗുളികയും ഈ സമയത്ത് കഴിച്ചിരുന്നതായി പ്രതി പ്രോസിഡ്യൂട്ടര്‍മാരോട് പറഞ്ഞു. വീണ്ടും മദ്യപിക്കാന്‍ പണം തികയാതെ വന്നതിനാലാണ് കോള്‍ഡ് സ്റ്റോറിലെത്തി പണം കവര്‍ന്നതെന്നും പ്രതി കൂട്ടിച്ചേര്‍ത്തു.