മനാമ: ഫോര്‍മുല വണ്‍ ബഹ്റൈന്‍ ഗ്രാന്‍ഡ് പ്രി മത്സരങ്ങളുടെ ഒരുക്കം പൂര്‍ത്തിയായി. കഴിഞ്ഞ മാര്‍ച്ചില്‍ നടക്കേണ്ടിയിരുന്ന മത്സരം കോവിഡിനെത്തുടര്‍ന്ന് മാറ്റിവെക്കുകയായിരുന്നു. എന്നാല്‍, ഫോര്‍മുല വണ്‍ ബഹ്റൈനിലേക്ക് തിരിച്ചുവന്നപ്പോള്‍ രണ്ട് മത്സരങ്ങള്‍ക്കാണ് വേദിയൊരുങ്ങുന്നത്. ബഹ്റൈനില്‍ ആദ്യമായാണ് ഫോര്‍മുല വണ്‍ ഡബ്ള്‍ ഹെഡര്‍ നടക്കുന്നത്.
സാഖിറിലെ ബഹ്റൈന്‍ ഇന്റര്‍നാഷനല്‍ സര്‍ക്യൂട്ടില്‍ നവംബര്‍ 27 മുതല്‍ 29വരെ ഫോര്‍മുല വണ്‍ ഗള്‍ഫ് എയര്‍ ഗ്രാന്‍ഡ് പ്രീ നടക്കും. ഡിസംബര്‍ നാല് മുതല്‍ ആറ് വരെയാണ് ഫോമുല വണ്‍ റോളക്സ് സാഖിര്‍ ഗ്രാന്‍ഡ് പ്രീ മത്സരം. കോവിഡ് പ്രതിരോധ രംഗത്ത് മുന്‍നിരയിലുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കുടുംബാംഗങ്ങള്‍ക്കും മത്സരങ്ങള്‍ കാണാന്‍ അവസരമൊരുക്കിയിട്ടുണ്ട്. ആരോഗ്യ പ്രവര്‍ത്തകരോടുള്ള ആദരസൂചകമായാണ് സീറ്റ് അനുവദിച്ചിരിക്കുന്നത്.
ബഹ്റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തുന്ന ടീമുകളെ ബി.ഐ.സിയുടെ മീറ്റ് ആന്‍ഡ് ഗ്രീറ്റ് ടീമാണ് സ്വാഗതം ചെയ്യുന്നത്.വെള്ളിയാഴ്ച ഉച്ചക്ക് രണ്ട് മണിക്കും വൈകീട്ട് ആറിനും 90 മിനിറ്റ് വീതമുള്ള രണ്ട് പരിശീലന സെഷനുകളാണുള്ളത്. 60 മിനിറ്റ് ദൈര്‍ഘ്യമുള്ള മൂന്നാമത്തെ പരിശീലനം ശനിയാഴ്ച ഉച്ചക്ക് രണ്ടിന് നടക്കും. അഞ്ചു മണിക്കാണ് യോഗ്യത റൗണ്ട് മത്സരം നടക്കുക.
ഞായറാഴ്ച വൈകീട്ട് 5.10നാണ് ഫൈനല്‍ മത്സരം അരങ്ങേറുക. ഡിസംബര്‍ 11 മുതല്‍ 13 വരെ നടക്കുന്ന അബൂദബി ഗ്രാന്‍ഡ് പ്രീയോടെ ഈ സീസണിലെ മത്സരങ്ങള്‍ക്ക് തിരശ്ശീല വീഴും. അതേസമയം കോവിഡ് നിയന്ത്രണങ്ങള്‍ കാരണം കാണികളില്ലാതെയാണ് ഇത്തവണ മത്സരം നടത്തുന്നതെങ്കിലും ആവേശത്തിന് കുറവില്ല. ബഹ്റൈന്റെ വീഥികളിലെങ്ങും മത്സരത്തെ സ്വഗതം ചെയ്തുകൊണ്ടുള്ള പോസ്റ്ററുകള്‍ കാണാം.