മനാമ: കോവിഡിന്റെ രണ്ടാം തരംഗത്തില്‍ നിന്നും ഗള്‍ഫ് രാജ്യങ്ങള്‍ പതുക്കെ മുക്തി നേടുന്നു. മിക്ക രാജ്യങ്ങളും നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി തുടങ്ങി. കോവിഡ് വ്യാപനം തടയാനായി ഏര്‍പ്പെടുത്തിയ
ഭാഗിക കര്‍ഫ്യൂ കുവൈത്തും ഒമാനും നീക്കി. കോവിഡ് നിയന്ത്രണങ്ങള്‍ ഈ മാസം 28 മുതല്‍ ഘട്ടംഘട്ടമായി നീക്കുമെന്ന് ഖത്തര്‍ അറിയിച്ചു. യുഎഇയില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ നാളെ മുതല്‍ ഓഫിസില്‍ എത്തിത്തുടങ്ങും.
66 ദിവസത്തിനുശേഷമാണ് കുവൈത്ത് കര്‍ഫ്യൂ പിന്‍വലിച്ചത്. പോലിസ് ചെക്ക്പോസ്റ്റുകള്‍ എടുത്തുകളഞ്ഞതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മാര്‍ച്ച് 7 നാണ് രാജ്യത്ത് രാത്രി കാല കര്‍ഫ്യൂ ഏര്‍പ്പെടുത്തിയത്. ഒമാനില്‍ മെയ് എട്ടുമുതല്‍ ഏര്‍പ്പെടുത്തിയ രാത്രികാല കര്‍ഫ്യൂ ശനിയാഴ്ച പിന്‍വലിച്ചു. എന്നാല്‍, സൂപ്പര്‍ മാര്‍ക്കറ്റ്, റസ്‌റ്റൊറന്റ് എന്നിവ രാത്രി എട്ടിന് ശേഷം പ്രവര്‍ത്തിക്കരുത്. റസ്‌റ്റൊറന്റുകളില്‍ എട്ടിനുശേഷം ഡെലിവറി ആകാം. റസ്‌റ്റൊറന്റുകള്‍, ഷോപ്പിംഗ് മാളുകള്‍, മറ്റു വാണിജ്യ സ്ഥാപനങ്ങള്‍ എന്നിവവയില്‍ സാധാരണ ശേഷിയുടെ 50 ശതമാനം ആളുകളെ മാത്രമേ പ്രവേശിപ്പിക്കാവൂ. 12 വയസിനു താഴെയുള്ള കുട്ടികള്‍ക്ക് പ്രവേശനമില്ല. അകത്തിരുന്ന് ഭക്ഷണം കഴിക്കാം.
ജിമ്മുകള്‍ അടച്ചിടുന്നത് തുടരും. ബ്യൂട്ടി പാര്‍ലറുകള്‍ക്ക് തുറക്കാം. പൊതു സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് ഞായറാഴ്ച മുതല്‍ ജോലി പുനരാരംഭിക്കാം. സര്‍ക്കാര്‍ ഓഫീസുകളില്‍ 50 ശതമാനം ജീവനക്കാര്‍ക്കാണ് അനുമതി.
ഖത്തറില്‍ കോവിഡ് നിയന്ത്രണങ്ങള്‍ മെയ് 28 മുതല്‍ നാല് ഘട്ടമായാണ് പിന്‍വലിക്കുക. ഓരോ ഘട്ടവും മൂന്നാഴ്ച നീളുമെന്ന് നാഷണല്‍ ഹെല്‍ത്ത് സ്ട്രാറ്റജിക് ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. അബ്ദുല്ലതിഫ് അല്‍ ഖാല്‍ പറഞ്ഞു. വാക്സിന്‍ ലഭിച്ചവര്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം ലഭ്യമാക്കും.
യുഎഇയില്‍ കോവിഡ് മുന്‍കരുതലിന്റെ ഭാഗമായുള്ള വര്‍ക്ക് ഫ്രം ഹോം സംവിധാനം അവസാനിപ്പിക്കുന്നു. ഫെഡറല്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ജീവനക്കാരെല്ലാം ഈ മാസം 16 മുതല്‍ ഓഫിസില്‍ നേരിട്ട് ജോലിക്ക് എത്താന്‍ അധികൃതര്‍ നിര്‍ദേശിച്ചു.
നിയന്ത്രണങ്ങള്‍ അവസാനിപ്പിച്ച് യുഎഇ സാധാരണ നിലയിലേക്ക് കടക്കുന്നതിന്റെ സൂചനയായാണ് ഇത് വിലയിരുത്തപ്പെടുന്നത്. കോവിഡ് മാനദണ്ഡം പാലിച്ചാകണം ഓഫിസില്‍ ഹാജരാകേണ്ടത്.
ALSO WATCH