മനാമ: ബഹ്റൈന്‍, ഇസ്രായേല്‍ വിദേശകാര്യമന്ത്രിമാര്‍ കൂടിക്കാഴ്ച്ച നടത്തി. ബഹറൈന്‍ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിന്‍ റാഷിദ് അല്‍ സയാനിയും ഇസ്രായേല്‍ വിദേശകാര്യ മന്ത്രി ഗാബി അഷ്കിനാസിയുമാണ് തെല്‍ അവീവില്‍ കൂടിക്കാഴ്ച നടത്തി. ഇരുരാജ്യങ്ങളും തമ്മില്‍ സഹകരണം പൂര്‍ണമാക്കുന്നതിന്റെ ഭാഗമായി ഇസ്രായേല്‍ എംബസി ബഹ്റൈനില്‍ തുറക്കാന്‍ ധാരണയായി. മേഖലയുടെ സമാധാനം ലക്ഷ്യമിട്ട് പരസ്പരം ധാരണയോടെ മുന്നോട്ടുപോകല്‍ സാധ്യമാകുമെന്ന് ഇരു നേതാക്കളും പ്രതീക്ഷ പ്രകടിപ്പിച്ചു. ഇരുരാജ്യങ്ങളും തമ്മില്‍ ആഗസ്റ്റില്‍ ഒപ്പുവെച്ച സഹകരണ കരാറിന്റെ ഭാഗമായി അനുബന്ധ ചര്‍ച്ചകള്‍ക്കാണ് ഡോ. അബ്ദുല്ലത്തീഫ് സയാനിയുടെ നേതൃത്വത്തിലുള്ള ബഹ്റൈന്‍ സംഘം ഇസ്രായേല്‍ സന്ദര്‍ശിച്ചത്.
വിവിധ ജനവിഭാഗങ്ങള്‍ സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കുന്ന രാജ്യമാണ് ബഹ്റൈനെന്നും ബഹുസ്വരതയും സഹവര്‍ത്വത്തിലൂന്നിയുള്ള സമാധാനവുമാണ് ലക്ഷ്യമിടുന്നതെന്നും ഡോ. സയാനി വ്യക്തമാക്കി. മേഖലയില്‍ സമാധാനം സാധ്യമാക്കാന്‍ രാജാവ് ഹമദ് ബിന്‍ ഈസ ആല് ഖലീഫയുടെ കാഴ്ചപ്പാടുകള്‍ ഗുണകരമാകുമെന്നും അദ്ദേഹം പറഞ്ഞു. ഇസ്രായേല്‍ വിദേശകാര്യ മന്ത്രിയെ ബഹ്റൈന്‍ സന്ദര്‍ശിക്കാന്‍ ക്ഷണിക്കുകയും ചെയ്തു.