മുഹമ്മദ് നബിക്കെതിരായ ബി.ജെ.പി നേതാവിന്റെ പരാമർശം; പ്രതിഷേധവുമായി ഖത്തർ; ഇന്ത്യൻ സ്ഥാനപതിയെ വിളിച്ചുവരുത്തി

ദോഹ: പ്രവാചകൻ മുഹമ്മദ് നബിക്കെതിരെ ബിജെപി നേതാവ് നടത്തിയ പരാമർശത്തിൽ കടുത്ത പ്രതിഷേധവുമായി ഖത്തർ.  മുഹമ്മദ് നബിക്കെതിരേ നടത്തിയ പരാമർശം അപലപനീയമാണെന്ന് ഖത്തർ പ്രതികരിച്ചു.

ഖത്തര്‍ വിദേശകാര്യ സഹമന്ത്രി സുല്‍ത്താന്‍ ബിന്‍ അല്‍മുറൈഖിയാണ് ഇന്ത്യന്‍ അംബാസഡര്‍ ഡോ. ദീപക് മിത്തലിനെ വിളിച്ചുവരുത്തിയത്. അതേസമയം, സംഭവത്തെ തുടര്‍ന്ന് നുപൂര്‍ ശര്‍മയെ പുറത്താക്കിയ ബി.ജെ.പി നടപടിയെ ഖത്തര്‍ സ്വാഗതം ചെയ്തു.
സംഭവത്തില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ പരസ്യമായി മാപ്പുപറയുകയും വിവാദ പരാമര്‍ശങ്ങളെ അപലപിച്ചുകൊണ്ട് അടിയന്തരമായി പ്രസ്താവന പുറത്തിറക്കുകയും ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പ്രതിഷേധക്കുറിപ്പില്‍ ഖത്തര്‍ സൂചിപ്പിച്ചിട്ടുണ്ട്.
സമാധാനദൂതനായ പ്രവാചകന്‍ മുഹമ്മദ് നബിയെ ലോകത്ത് രണ്ട് ബില്യനിലേറെ വരുന്ന മുസ്ലിംകള്‍ പിന്തുടരുന്നുണ്ട്. ലോകത്തെങ്ങുമുള്ള മുസ്ലിംകള്‍ അനുകരിക്കുന്ന വെളിച്ചമായി കൂടിയാണ് അദ്ദേഹത്തെ കരുതുന്നത്. ഇസ്ലാമിക വിരുദ്ധ പരാമര്‍ശങ്ങള്‍ മനുഷ്യാവകാശങ്ങളുടെ സംരക്ഷണത്തിന് വലിയ ഭീഷണിയാണുയര്‍ത്തുന്നത്. വിദ്വേഷങ്ങളിലേക്കും അക്രമപരമ്പരകളിലേക്കും നയിക്കാനിടയുള്ള കൂടുതല്‍ മുന്‍വിധിക്കും അരികുവല്‍ക്കരണത്തിനും ഇത് ഇടയാക്കുകയും ചെയ്യും-പ്രതിഷേധക്കുറിപ്പില്‍ പറയുന്നു.
ഇത്തരം ഇസ്‌ലാം വിരുദ്ധ പ്രസ്താവനകൾ നടത്തുന്നവർക്ക് ശിക്ഷ നൽകാതെ അവരെ തുടരാൻ അനുവദിക്കുന്നത് മനുഷ്യാവകാശ സംരക്ഷണത്തിന് ഗുരുതരമായ അപകടമുണ്ടാക്കുകയും ഇന്ത്യയിൽ കൂടുതൽ മുൻവിധികൾക്കും പാർശ്വവൽക്കരണത്തിനും ഇടയാക്കുകയും ചെയ്യുമെന്ന് ഖത്തർ ചൂണ്ടിക്കാട്ടി.
ഇത്തരം പരാമര്‍ശങ്ങള്‍ ലോകത്തെങ്ങുമുള്ള മുസ്ലിം സമൂഹത്തോടുള്ള അവഹേളനമാണെന്നും  ഇന്ത്യയടക്കം ലോകത്തെ നാഗരികതകളുടെ വളര്‍ച്ചയില്‍ ഇസ്ലാം വഹിച്ച സുപ്രധാനമായ പങ്കിനെക്കുറിച്ചുള്ള വ്യക്തമായ അജ്ഞത കൂടിയാണ് പരാമര്‍ശം സൂചിപ്പിക്കുന്നതെന്നും ഖത്തര്‍ അഭിപ്രായപ്പെട്ടു.

അതേസമയം ബിജെപി നേതാവിന്റെ ഒരു തരത്തിലും ഇന്ത്യൻ സർക്കാരിന്റെ കാഴ്ചപ്പാടുകളെ പ്രതിഫലിപ്പിക്കുന്നില്ലെന്ന് അംബാസഡർ അറിയിച്ചു.

പ്രവാചകന്‍ മുഹമ്മദ് നബിയെക്കുറിച്ച് ബിജെപി വക്താവ് നൂപുര്‍ ശര്‍മ ഒരു ടിവി ചര്‍ച്ചയ്ക്കിടെയും ഡല്‍ഹി ബിജെപി മീഡിയ ഇന്‍ ചാര്‍ജ് നവീന്‍ കുമര്‍ ജിന്‍ഡാല്‍ ട്വിറ്ററിലുമാണ് വിവാദ പരാമര്‍ശം നടത്തിയത്.

മസ്ജിദിൽ കണ്ടെത്തിയ ശിവലിംഗത്തെ നീരുറവയെന്ന് വിളിച്ച് ഹിന്ദു വിശ്വാസങ്ങളെ മുസ്‍ലിംകൾ പരിഹസിച്ചു. അതിനാൽ, മുസ്‍ലിം മതഗ്രന്ഥങ്ങളിൽ ചില കാര്യങ്ങൾ ഉണ്ടെന്നും ആളുകൾക്ക് അവയെ പരിഹസിക്കാമെന്നും നുപുർ ശർമ പറഞ്ഞിരുന്നു. കൂടാതെ, ആക്ഷേപകരമായ ചില പരാമർശങ്ങളും നടത്തി. ഇവരുടെ പരാമർശത്തെ തുടർന്ന് ഉത്തർപ്രദേശിലെ കാൺപൂരിൽ ഇരു വിഭാഗങ്ങളിൽ തമ്മിൽ സംഘർഷവും ഉണ്ടായിരുന്നു.

ബി.ജെ.പി ഡൽഹി സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗവും യുവമോർച്ചയുടെ പ്രമുഖ മുഖവുമാണ് നുപൂർ ശർമ. മുഹമ്മദ് നബിക്കെതിരായ മോശം പരാമർശത്തെ തുടർന്ന് ഇവരെയും ബി.ജെ.പി ഡൽഹി മീഡിയ ഇൻചാർജ് നവീൻ കുമാർ ജിൻഡാലിനെയും പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽനിന്ന് സസ്പെൻഡ് ചെയ്തിരുന്നു.