മൈനകളെ നിയന്ത്രിക്കാന്‍ നടപടിയുമായി ഒമാന്‍

വര്‍ധിച്ചുവരുന്ന മൈനകളെ നിയന്ത്രിക്കാന്‍ നടപടിയുമായി ഒമാന്‍. ഇതിനായി ദേശീയതലത്തില്‍ പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്കൊരുങ്ങുകയാണ് ഒമാന്‍. ഒമാന്‍ പരിസ്ഥിതി അതോറിറ്റിയാണ് ഇത് സംബന്ധിച്ച് ക്യാമ്പെയിന്‍ സംഘടിപ്പിക്കുന്നത്. മൈനകള്‍ക്ക് പുറമെ കാക്കകളും പ്രാവുകളും രാജ്യത്ത് വന്‍തോതില്‍ വര്‍ധിച്ചുവരുന്നതായി ഒമാന്‍ പരിസ്ഥിതി മന്ത്രാലയം വ്യക്തമാക്കി. അടുത്തമാസം മുതല്‍ ഇവയെ നിയന്ത്രിക്കുന്നതിനുള്ള ശക്തമായ നടപടികള്‍ക്ക് തുടക്കമിടുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.

വിളകള്‍ നശിപ്പിക്കുന്നതായി പരാതികൾ ഉയര്‍ന്ന സാഹചര്യത്തിലാണ് പക്ഷികളെ നിയന്ത്രിക്കുന്നതിനായി നിയമം കൊണ്ടുവരുന്നത്. കൂടാതെ ഇത്തരം പക്ഷികള്‍ രോഗങ്ങള്‍ പരത്തുന്നതായും രാജ്യത്തിന്റെ ശുചിത്വ സംരക്ഷണത്തിന് ഭീഷണിയുയര്‍ത്തുന്നതായും റിപ്പോർട്ടുകളുണ്ട്. വിളകള്‍ നശിപ്പിക്കുന്നതിലൂടെ കൃഷിക്ക് ഭീഷണിയായും രാജ്യത്തിന്റെ തനതായ സസ്യങ്ങളെയും വിത്തുകളെയും മൈനകള്‍ നശിപ്പിക്കുന്നതായും മന്ത്രാലയം അറിയിച്ചു.

തേനീച്ചകളെ ഭക്ഷിക്കുക, മറ്റ് പക്ഷികൂടുകള്‍ നശിപ്പിക്കുക എന്നിങ്ങനെയും മൈനകള്‍ രാജ്യത്ത് വെല്ലുവിളികൾ സൃഷ്ടിക്കുന്നുണ്ട്. രാജ്യത്തിന്റെ പരിസ്ഥിതിയെ ബാധിക്കുന്ന തരത്തില്‍ മൈനകളുടെ വര്‍ധനവ് ഭീഷണിയുയര്‍ത്തുന്നത് ചൂണ്ടിക്കാട്ടിയാണ് പക്ഷികളെ നിയന്ത്രിക്കുന്നതിനുള്ള നീക്കവുമായി ഒമാന്‍ സര്‍ക്കാര്‍ മുന്നോട്ടുവന്നത്.