സിബിഎസ്ഇ മാറ്റിവച്ച 10, 12 ക്ലാസുകളിലെ പരീക്ഷകള്‍ ഉപേക്ഷിക്കുന്നു

cbse exam

ദോഹ: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ മാറ്റിവെച്ച ഖത്തര്‍ ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളിലെ സിബിഎസ്ഇ പരീക്ഷകള്‍ ഉപേക്ഷിക്കുന്നു. പത്ത്, പന്ത്രണ്ട് ക്ലാസുകളില്‍ ഇനി നടക്കാനുളള പരീക്ഷകള്‍ നടത്താതെ തന്നെ ഫലം പ്രഖ്യാപിക്കും.

പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് സോഷ്യല്‍ സ്റ്റഡീസ് പരീക്ഷ മാത്രമാണ് ബാക്കിയുളളത്. പന്ത്രണ്ടാം ക്ലാസിന് വിദ്യാര്‍ത്ഥികള്‍ തിരഞ്ഞെടുത്ത വിഷയം അനുസരിച്ച് രണ്ടും മൂന്നും ഓപ്ഷനുകളിലുളള പരീക്ഷകളാണ് നടക്കാനുളളത്. ഖത്തറിലെ മുഴുവന്‍ ഇന്ത്യന്‍ സ്‌കൂളുകളും സിബിഎസ്ഇ സിലബസാണ് പിന്തുടരുന്നത്.

സിബിഎസ്ഇ ഇന്നു പുറപ്പെടുവിച്ച സര്‍ക്കുലറിലാണ് വിദേശ രാജ്യങ്ങളിലെ പരീക്ഷകള്‍ ഉപേക്ഷിക്കുന്നതായി അറിയിച്ചത്. 25 വിദേശരാജ്യങ്ങളിലാണ് സിബിഎസ്ഇ സ്‌കൂളുകള്‍ ഉള്ളത്. ഇതില്‍ പല രാജ്യങ്ങളിലും വിവിധ കാലയളവിലേക്ക് ലോക്ക്ഡൗണ്‍ നടപ്പാക്കുകയോ സ്‌കൂള്‍ പൂട്ടിയിടുകയോ ചെയ്തിട്ടുണ്ട്.

ഓരോ രാജ്യത്തിനും വ്യത്യസ്ത സമയത്ത് പരീക്ഷ നടത്തുക പ്രായോഗികമല്ല. പരീക്ഷ നടന്നാലും മൂല്യ നിര്‍ണയത്തിന് അവിടെ നിന്ന് ഇന്ത്യയിലേക്ക് നിലവിലെ സാഹചര്യത്തില്‍ ഉത്തരക്കടലാസുകള്‍ എത്തിക്കാന്‍ സാധിക്കില്ല. അതുകൊണ്ട് തന്നെ 10, 12 ക്ലാസുകളിലേക്ക് ബാക്കിയുള്ള പരീക്ഷകള്‍ മാറ്റിവയ്ക്കുകയാണെന്ന് സിബിഎസ്ഇ സര്‍ക്കുലറില്‍ പറയുന്നു.

റിസള്‍ട്ട് പ്രഖ്യാപിക്കുന്നതിന് ഏത് രീതിയില്‍ മാര്‍ക്കുകള്‍ നല്‍കുമെന്ന കാര്യത്തില്‍ ബോര്‍ഡ് തീരുമാനം എടുക്കും. ഇത് സ്‌കൂളുകളെ അറിയിക്കും.

അതേ സമയം, ഇന്ത്യക്കകത്ത് നടത്താന്‍ ബാക്കിയുള്ള പരീക്ഷകളുടെ കാര്യത്തില്‍ ഇനിയും അന്തിമ തീരുമാനമെടുത്തിട്ടില്ല.

CBSE cancels 10, 12 board exams for foreign schools including in Qatar