Wednesday, December 1, 2021
HomeGulfഗള്‍ഫില്‍ സിബിഎസ്ഇ പ്രീ-ബോര്‍ഡ് പരീക്ഷ തുടങ്ങി; ചോദ്യാവലിയിലെ മാറ്റത്തില്‍ വിദ്യാര്‍ഥികള്‍ക്ക് ആവേശം

ഗള്‍ഫില്‍ സിബിഎസ്ഇ പ്രീ-ബോര്‍ഡ് പരീക്ഷ തുടങ്ങി; ചോദ്യാവലിയിലെ മാറ്റത്തില്‍ വിദ്യാര്‍ഥികള്‍ക്ക് ആവേശം

ദുബൈ: ഗള്‍ഫ് രാജ്യങ്ങളിലെ സിബിഎസ്ഇ സ്‌കൂളുകള്‍ ഫൈനല്‍ ബോര്‍ഡ് പരീക്ഷയ്ക്ക് മുന്നോടിയായുള്ള പ്രീ-ബോര്‍ഡ് പരീക്ഷയ്ക്ക് ഇന്ന് തുടക്കമായി. 10, 12 ക്ലാസുകളിലേക്കുള്ള പരീക്ഷയാണ് നടക്കുന്നത്. രണ്ട് ഘട്ടമായാണ് പരീക്ഷ നടക്കുകയെന്ന് സിബിഎസ്ഇ നേരത്തേ അറിയിച്ചിരുന്നു.

ആദ്യ ടേമില്‍ ഒബ്ജക്ടീവും രണ്ടാം ടേമില്‍ സബ്ജക്ടീവുമായിരിക്കും ചോദ്യങ്ങള്‍. പാഠഭാഗത്തിന്റെ പകുതി വീതമാണ് ഓരോ ടേമിലും ഉണ്ടാവുക.

പരീക്ഷയുടെ ഭാഗമായി ഒഎംആര്‍ ഷീറ്റില്‍ മള്‍ട്ടിപ്പിള്‍ ചോയ്‌സ് ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നതിന് വിദ്യാര്‍ഥികള്‍ക്ക് പരിശീലനം നല്‍കിയിരുന്നു. ചോദ്യാവലിയുടെ മാറ്റത്തില്‍ വിദ്യാര്‍ഥികള്‍ ആവേശത്തിലാണെന്ന് യുഎഇയിലെ വിവിധ സ്‌കൂളുകളെ ഉദ്ധരിച്ച് ഖലീജ് ടൈംസ് റിപോര്‍ട്ട് ചെയ്തു.

ഗള്‍ഫ് ഇന്ത്യന്‍ സ്‌കൂളുകളില്‍ ബോര്‍ഡ് എക്‌സാം നവംബര്‍ 15ന് ആണ് തുടങ്ങുക. പ്രധാന വിഷയങ്ങള്‍ നവംബര്‍ 24ന് ആയിരിക്കും ആരംഭിക്കുന്നത്.

അവരവരുടെ സ്‌കൂളുകള്‍ തന്നെയായിരിക്കും പരീക്ഷാ കേന്ദ്രങ്ങള്‍. സിബിഎസ്ഇ നിയോഗിക്കുന്ന പുറത്തുനിന്നുള്ള നിരീക്ഷകര്‍ ഉണ്ടാവും. എന്‍ക്രിപ്റ്റഡ് ചോദ്യപേപ്പര്‍ ഓണ്‍ലൈന്‍ വഴി സ്‌കൂളിലേക്ക് അയച്ച് സ്‌കൂളില്‍ നിന്ന് പ്രിന്റ് ചെയ്യാനാണ് തീരുമാനം. ബോര്‍ഡ് എക്‌സാം പൂര്‍ണമായും ഓഫ്‌ലൈനില്‍ ആയിരിക്കും. ഒഎംആര്‍ ഷീറ്റുകള്‍ സ്‌കൂളില്‍ നിന്ന് മൂല്യപരിശോധന നടത്തി അതേ ദിവസം തന്നെ സിബിഎസ്ഇക്ക് അപ്ലോഡ് ചെയ്യും.

ടേം ഒന്നിലെ പരീക്ഷകള്‍ക്ക് 90 മിനിറ്റും ടേം 2 പരീക്ഷകള്‍ക്ക് 120 മിനിറ്റും ആണ് അനുവദിച്ചിട്ടുള്ളത്.
ALSO WATCH

Most Popular