ഒടുവില്‍ കേന്ദ്രം കനിഞ്ഞു; പ്രവാസികളുടെ മൃതദേഹങ്ങള്‍ ഇന്ത്യയിലേക്കു കൊണ്ടുവരാന്‍ അനുമതി

permission to bring expats dead body

ദുബായ്: വിദേശ നാടുകളില്‍ മരിക്കുന്ന ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ നാട്ടിലേക്ക് കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കി. ദിവസങ്ങള്‍ നീണ്ട പ്രവാസികളുട മുറവിളിക്കും ശക്തമായ സമ്മര്‍ദ്ദത്തിനുമൊടുവിലാണ് ശനിയാഴ്ച വൈകീട്ട് ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങിയത്. കൊറോണ ബാധിച്ചുള്ള മരണത്തിന് ഈ ആനുകൂല്യം ലഭിക്കില്ല.

ബ്യൂറോ ഓഫ് ഇമിഗ്രേഷന് ലഭിച്ച വാക്കാലുള്ള ഉത്തരവ് കാരണം ചില മൃതദേഹങ്ങള്‍ നാട്ടില്‍ ഇറക്കാനാവാതെ യുഎഇയിലേക്കു തിരിച്ചു കൊണ്ടുവന്നിരുന്നു. ചില മൃതദേഹങ്ങള്‍ നാട്ടിലെ വിമാനത്താവളത്തിലും ചിലത് ഗള്‍ഫ് നാടുകളിലും കുടുങ്ങിക്കിടക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് വലിയ പ്രതിഷേധമാണ് കേന്ദ്ര സര്‍ക്കാരിനെതിരെ ഗള്‍ഫ് നാടുകളില്‍ ഉയര്‍ന്നത്. ഒരു മാസം മുമ്പ് ഖത്തറില്‍ മരിച്ച ഹൈദരാബാദ് സ്വദേശിനിയുടെ മൃതദേഹം ഈ രീതിയില്‍ നാട്ടിലേക്കു കൊണ്ടുപോകാനാവാതെ കുടുങ്ങിക്കിടക്കുന്നുണ്ട്. യുഎഇയില്‍ ചില മലയാളികളുടെ മൃതദേഹങ്ങള്‍ക്കും ഈ ദുര്‍ഗതിയുണ്ടായി.

മൃതദേഹങ്ങള്‍ കൊണ്ടുവരുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയിട്ടുണ്ട്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെയും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെയും അനുമതിയോടെ മൃതദേഹങ്ങള്‍ ഇന്ത്യയിലേക്ക് കൊണ്ടുവരാമെന്നാണ് മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നത്.

central government gives permission to bring dead bodies of expats from abroad