ദോഹ : സമുദായിക സ്പർദ്ധ ഉണ്ടാക്കും വിധം വർഗീയ പരാമർശം നടത്തി ഗൾഫ് നാടുകളെയും പ്രവാസി സമൂഹത്തെയും കുറിച്ച് വ്യാജ ആരോപണം ഉന്നയിച്ച കേരള സർക്കാരിന് കീഴിലുള്ള മലയാളം മിഷൻ ഖത്തർ കോർഡിനേറ്റർ ദുർഗ്ഗാദാസ് ശിശുപാലനെതിരെ അടിയന്തിരമായി നടപടി സ്വീകരിക്കണമെന്ന് ഖത്തർ ഇന്ത്യൻ സോഷ്യൽ ഫോറം കേരള സംസ്ഥാന സെക്രട്ടേറിയറ്റ് സർക്കാരിനോട് ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് സംഘപരിവാർ നേതൃത്വത്തിൽ നടന്ന ഹിന്ദുമഹാ സമ്മേളനത്തിലാണ് ഖത്തറിലെ പ്രമുഖ കമ്പനിയിൽ സീനിയർ അക്കൗണ്ടന്റായി ജോലി ചെയ്യുന്ന ദുർഗ്ഗാ ദാസ് വർഗീയ പരാമർശം നടത്തിയത്. ഇന്ത്യൻ എമ്പസിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഐസിബിഎഫ് അംഗം കൂടിയാണ് ദുർഗാ ദാസ്. ഇന്ത്യയെക്കാളേറെ ഗൾഫ് നാടുകളിലാണ് ഏറ്റവും കൂടുതൽ മതപരിവർത്തനം നടക്കുന്നതെന്നും നേഴ്സിംഗ് റിക്രൂട്ട്മെന്റിന്റെ പേരിൽ പെൺകുട്ടികളെ കൊണ്ടുവരുന്നത് തീവ്രവാദികൾക്ക് ലൈംഗിക ആവശ്യങ്ങൾക്ക് ഉപയോഗിക്കാനാണ് എന്നുമാണ് ഇയാൾ പറഞ്ഞത്. മുസ്ലിം സംഘടനകളെയും ഇയാൾ പേരെടുത്ത് പരാമർശിക്കുന്നുണ്ട്.
അടിസ്ഥാന രഹിതമായ ഇത്തരം ആരോപണങ്ങൾ സമൂഹത്തിൽ വളരെ വലിയ പ്രത്യാഘാതങ്ങൾക്ക് വഴിവെക്കുമെന്നും ഇത്തരക്കാർക്ക് കൂച്ചുവിലങ്ങിടാൻ സാധിക്കാതെ വന്നാൽ ഇതിന്റെ മറപറ്റി ഇനിയും ഇത്തരം പരാമർശങ്ങൾ ഉണ്ടായേക്കും. ഇയാൾക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും സോഷ്യൽ ഫോറം സംസ്ഥാന സെക്രട്ടേറിയറ്റ് വാർത്താ കുറിപ്പിൽ ആവശ്യപ്പെട്ടു.