റിയാദ്: കടുത്ത നിയന്ത്രണങ്ങള്‍ക്കിടയിലും ഗള്‍ഫ് രാജ്യങ്ങളില്‍ കൊറോണ മൂലമുള്ള മരണവും രോഗികളുടെ എണ്ണവും വര്‍ധിക്കുന്നു. സൗദി അറേബ്യയിലും ഖത്തറിലും ഓരോ രോഗികള്‍ വീതം മരിച്ചതോടെ ഗള്‍ഫില്‍ മരണ സംഖ്യ പതിനൊന്നായി. 228 പേര്‍ക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. ഇതോടെ ഗള്‍ഫില്‍ കോവിഡ് ബാധിതരുടെ എണ്ണം 3000 കവിഞ്ഞു. കൊറോണ സമൂഹവ്യാപനത്തിലേക്ക് കടക്കുന്ന സൗദിയിലും ഒമാനിലും നടപടികള്‍ കടുപ്പിച്ചു.
റിയാദില്‍ ഒരു സൗദി പൗരനും ഖത്തറില്‍ ഒരു ബംഗ്ലാദേശ് പൗരനുമാണ് കൊറോണ മൂലം ഇന്നലെ മരിച്ചത്. സൗദിയില്‍ നാലുപേരാണ് ഇതിനകം മരിച്ചത്. ഖത്തറില്‍ ആദ്യ കൊറോണ മരണമായിരുന്നു ഇന്നലത്തേത്. ബഹ്‌റയ്‌നില്‍ നാലും യുഎഇയില്‍ രണ്ടും പേര്‍ നേരത്തെ മരിച്ചിരുന്നു. യുഎഇയില്‍ സ്ഥിരീകരിച്ച 63 രോഗികളില്‍ മുപ്പതും ഇന്ത്യക്കാരാണ്.
കൊറോണയുടെ സമൂഹ വ്യാപനം തടയുകയെന്ന ലക്ഷ്യത്തോടെ സൗദി അറേബ്യയും ഒമാനും മുന്‍കരുതല്‍ നടപടികള്‍ ശക്തമാക്കി. മദീനയില്‍ ഹറമിനോട് ചേര്‍ന്ന പ്രധാന ആറ് മേഖലകളില്‍ 24 മണിക്കൂര്‍ കര്‍ഫ്യൂ തുടരുകയാണ്. രാജ്യത്ത് രോഗം സമൂഹ വ്യാപനത്തിലേക്ക് കടന്നതായി ഒമാന്‍ ആരോഗ്യ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി വെളിപ്പെടുത്തിയ സാഹചര്യത്തില്‍ മസ്‌കത്ത് പ്രവിശ്യയില്‍ നിയന്ത്രണം വര്‍ധിപ്പിച്ചു. യുഎഇ പ്രഖ്യാപിച്ച അണുനശീകരണ യജ്ഞം ഏപ്രില്‍ 5 വരെ നീട്ടി. ഇതോടെ രാത്രികാലങ്ങളില്‍ അനുമതി കൂടാതെ വാഹനവുമായി പുറത്തിറങ്ങിയാല്‍ കുടുങ്ങും. കോവിഡുമായി ബന്ധപ്പെട്ട് നിരീക്ഷണം നിര്‍ദേശിക്കപ്പെട്ടവര്‍ അതു ലംഘിച്ചാല്‍ 50,000 ദിര്‍ഹമായിരിക്കം ഫൈന്‍.
കുവൈത്തില്‍ ടാക്‌സി സര്‍വീസുകള്‍ നിലച്ചു. കഫേകള്‍ അടച്ചുപൂട്ടി. ഖത്തറില്‍ അവശ്യ കേന്ദ്രങ്ങള്‍ ഒഴികെ ഭൂരിഭാഗം സ്ഥാപനങ്ങളും അടഞ്ഞു കിടക്കുകയാണ്. സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നില്ലെങ്കിലും വിദേശ ജോലിക്കാരുടെ ശമ്പളം മുടങ്ങില്ലെന്നാണ് അധികൃതര്‍ ഉറപ്പു നല്‍കുന്നത്. ഖത്തറില്‍ ഭക്ഷണ ശാലകള്‍, ഫാര്‍മസികള്‍, മറ്റു അവശ്യസേവനങ്ങള്‍ മാത്രമാണ് പ്രവര്‍ത്തിക്കുന്നത്.