ഗള്‍ഫില്‍ കൊറോണ മരണസംഖ്യ 250 കവിഞ്ഞു; രോഗികളുടെ എണ്ണം അര ലക്ഷത്തിലേക്ക്

corona in gulfcontries rises

ദോഹ: ഗള്‍ഫില്‍ കൊറോണബാധിച്ചു മരിച്ചവരുടെ എണ്ണം 254 ആയി. ഇന്നലെ മാത്രം 20 പേരാണ് വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ മരിച്ചത്. 42,000 പേര്‍ക്കാണ് ഗള്‍ഫില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്.

ഏറ്റവും കൂടുതല്‍ മരണം സൗദിയിലാണ്. ഏറ്റവുമൊടുവില്‍ 9 പേര്‍ കൂടി മരിച്ചതോടെ സൗദിയില്‍ കോവിഡ് മരണസംഖ്യ 136 ആയി. കുവൈത്തില്‍ മരിച്ച നാലില്‍ ഒരാള്‍ ഇന്ത്യക്കാരനാണ്. രോഗികളുടെ എണ്ണത്തില്‍ എല്ലാ രാജ്യങ്ങളിലും വന്‍ വര്‍ധനയാണുള്ളത്.

തുടര്‍ച്ചയായ രണ്ടാം ദിവസമാണ് മൂവായിരത്തിനു മുകളില്‍ രോഗികളുടെ എണ്ണം കൂടുന്നത്. ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള പ്രവാസി സമൂഹത്തിലും ഇത് ആശങ്ക ഉയര്‍ത്തുന്നുണ്ട്. കുവൈത്തില്‍ മാത്രം 1500ല്‍ ഏറെ ഇന്ത്യക്കാര്‍ക്കാണ് കോവിഡ് ബാധ. അതേ സമയം, രോഗം ഭേദമാകുന്നവരുടെ എണ്ണവും ഗണ്യമായി ഉയര്‍ന്നു. റമദാന്‍ തീരും വരെ കര്‍ഫ്യു തുടരുമെന്ന് കുവൈത്ത് വ്യക്തമാക്കി.

ആളുകളുടെ ഒത്തുചേരല്‍ ചടങ്ങുകള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് എല്ലാ രാജ്യങ്ങളിലും തുടരും. എന്നാല്‍ ദുബയിലെ നിയന്ത്രണങ്ങളില്‍ ഭാഗിക ഇളവുകള്‍ അനുവദിച്ചു. ഇന്നു മുതല്‍ കര്‍ശന ഉപാധികളോടെ പൊതുഗതാഗതം പുനരാരംഭിച്ചു. ദുബയ് മാള്‍ 28ന് തുറക്കും. ഉച്ചയ്ക്ക് 12 മുതല്‍ രാത്രി 10 വരെയാണ് പ്രവേശനം. അജ്മാന്‍ ഉള്‍പ്പെടെ മറ്റ് എമിറേറ്റുകളിലും ഉപാധികളോടെ മാളുകളും മറ്റും തുറന്നു.

സൗദി അറേബ്യയില്‍ 24 മണിക്കൂര്‍ കര്‍ഫ്യൂ സമയം മക്കയിലും നേരത്തെ ഐസൊലേറ്റ് ചെയ്ത മേഖലകളിലും മാത്രമാക്കി ചുരുക്കി. മക്കയൊഴികെ രാജ്യത്തെ എല്ലാ ഭാഗങ്ങളിലും രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് അഞ്ച് വരെ കര്‍ഫ്യൂ ഉണ്ടാകില്ല. റമദാന്റെ ഭാഗമായുള്ള ഉത്തരവ് ഇന്ന് മുതല്‍ പ്രാബല്യത്തിലായി.

English News Summery:

Doha: CoronaVirus death toll rises to 254,  20 people died in different Gulf countries yesterday. Covid has so far confirmed about 42,000 people in the Gulf.