കോവിഡ്: ഡോക്ടര്‍മാരുടെ സേവനം വാട്സ്ആപ്പില്‍ ലഭ്യമാക്കി സന്നദ്ധസംഘം. കോവിഡ് 19 വ്യാപന പശ്ചാത്തലത്തില്‍ ജനങ്ങളുടെ ഭീതിയകറ്റുന്നതിനും മാനസിക-ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പ്രാഥമികാശ്വാസം പകരുന്നതിനും സ്പെഷ്യാലിറ്റി ഡോക്ടര്‍മാരുടെ സേവനം വാട്സ് ആപ്പില്‍ ലഭ്യമാക്കുന്നത് ഇന്റഗ്രേറ്റഡ് പ്രൊഫഷനല്‍ ഫോറവും രിസാല സ്റ്റഡി സര്‍ക്കിളും ചേര്‍ന്നാണ്.
ഒരു ക്ലിക്കില്‍ 20 സ്പെഷ്യാലിറ്റി ഡോക്ടര്‍മാരെ തിരഞ്ഞെടുത്ത് വാട്സ് ആപ്പ് ചാറ്റ് ചെയ്യാവുന്ന വെബ് സേവനവും വാട്സ് ആപ്പ് നമ്പറില്‍ ടെക്സ്റ്റ് ചെയ്ത് അസുഖം അറിയിച്ചാല്‍ അനുയോജ്യനായ സ്പെഷ്യല്‍ ഡോക്ടറെ വാട്സ് ആപ്പില്‍ ബന്ധിപ്പിക്കുന്ന സേവനവുമാണ് സജ്ജമാക്കിയിരിക്കുന്നത്. ഐപിഎഫ് മെഡിക്കല്‍ ഫോറത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന നൂറോളം ഡോക്ടര്‍മാരാണ് ആവശ്യക്കാര്‍ക്ക് സേവനം നല്‍കാന്‍ സന്നദ്ധമായി പ്രവര്‍ത്തിക്കുന്നത്.
സേവനം ആരംഭിച്ചതു മുതല്‍ ഇടതടവില്ലാത്ത സംശയങ്ങളും പ്രശ്നങ്ങളുമായി വിവിധ രാജ്യങ്ങളില്‍നിന്ന് ആളുകള്‍ ബന്ധപ്പെടുന്നതായി സംഘാടകര്‍ അറിയിച്ചു. ലോകത്തെവിടെനിന്നും സേവനം തേടാവുന്നതാണ്. ഇന്‍ഫെക്ഷന്‍ കണ്‍ട്രോള്‍, ജനറല്‍ മെഡിസിന്‍, ഇഎന്‍ടി, ന്യൂറോളജി, പാത്തോളജി, കാര്‍ഡിയോളജി, എന്റൊക്രൈനോളജി, മനഃശാസ്ത്രം തുടങ്ങി ഇരുപതോളം വിഭഗങ്ങളിലെ ഡോക്ടര്‍മാരുടെ വിദഗ്‌ദോപദേശവും മാര്‍ഗനിര്‍ദേശങ്ങളുമാണ് നല്‍കുന്നത്. സംശയ നിവാരണങ്ങള്‍ക്ക് പുറമെ സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രത്യേക വിഷയങ്ങളിലെ ടോക്കുകളും അറിയിപ്പുകളും ഈ സംഘം നിര്‍വഹിച്ചു വരുന്നുണ്ട്. ഈ സേവനം ലഭിക്കുന്നതിന് 971 50 437 7828 എന്ന വാട്സ് ആപ്പ് നമ്പറിലും www.rsconline.org/connectdoctor എന്ന വെബ് വിലാസത്തിലും ബന്ധപ്പെടാം.
Corona medical assistance in whatsapp