ദോഹ: കോവിഡ് ബാധിച്ച യുവതിക്ക് മാനസിക വിഭ്രാന്തി അനുഭവപ്പെട്ടിരുന്നതായി വെളിപ്പെടുത്തി ദോഹയിലെ ഡോക്ടർമാർ. മുപ്പത് വയസുള്ള സ്ത്രീക്കാണ് ഇത്തരത്തിൽ ഒരു പ്രശ്നം നേരിടേണ്ടി വന്നതെന്ന് ബ്രിട്ടീഷ് മെഡിക്കൽ ജേർണലിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ ഡോക്ടർമാർ പറയുന്നു. കോവിഡ് സ്ഥിരീകരിച്ച് വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്ന സ്ത്രീ നാല് ദിവസത്തിനു ശേഷം പെരുമാറ്റത്തിൽ അസ്വസ്ഥത പ്രകടമായതിനെ തുടർന്ന് ഒരു ബന്ധു അവളെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഉറക്കം കുറവും അമിതമായി സംസാരിക്കുകയും ചെയ്യുന്ന അവർ അസ്വസ്ഥയായിരുന്നുവെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
ദിവസങ്ങളായി ശരിയായി ഉറങ്ങാത്ത അവർക്ക് അതിന്റെ ക്ഷീണമോ തളർച്ചയോ ഉണ്ടായിരുന്നില്ല. തനിക്ക് ദൈവത്തിൽ നിന്നുള്ള ഒരു പ്രത്യേക ‘ആത്മീയ ശക്തി’ ഉണ്ടെന്നായിരുന്നു അവർ വാദിച്ചിരുന്നത്. കോവിഡ് ബാധിക്കുന്ന ചിലർക്ക് മാനസിക വിഭ്രാന്തി ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് പഠനങ്ങൾ പറയുന്നത്.