Tuesday, November 30, 2021
HomeGulfയൂറോപ്പിലെ കോവിഡ് വ്യാപനം; ഗള്‍ഫ് രാജ്യങ്ങള്‍ വീണ്ടും നിയന്ത്രണം കടുപ്പിക്കുമോ?

യൂറോപ്പിലെ കോവിഡ് വ്യാപനം; ഗള്‍ഫ് രാജ്യങ്ങള്‍ വീണ്ടും നിയന്ത്രണം കടുപ്പിക്കുമോ?

ദോഹ: കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് യൂറോപ്യന്‍ രാജ്യങ്ങളില്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ച് ഗള്‍ഫ് രജ്യങ്ങള്‍. കോവിഡിന്റെ തുടക്ക കാലത്തേക്കാള്‍ കൂടുതലാണ് ഇപ്പോള്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ രോഗികളുടെ എണ്ണവും മരണവും. ഈ സാഹചര്യം ഗള്‍ഫ് രാജ്യങ്ങള്‍ സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണെന്നാണ് റിപോര്‍ട്ട്.

എന്നാല്‍, പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തില്‍ കാര്യമായ വര്‍ധന ഇല്ലാത്തതിനാല്‍ ആശങ്കയുടെ ആവശ്യമില്ലെന്നാണ് ജിസിസി രാജ്യങ്ങളുടെ വിലയിരുത്തല്‍. അതേസമയം മാസ്‌ക് ധരിക്കുന്നതുള്‍പ്പെടെയുള്ള പൊതു കോവിഡ് നിയന്ത്രണങ്ങള്‍ തുടരും. ബൂസ്റ്റര്‍ ഡോസ് വ്യാപകമാക്കുന്നതുള്‍പ്പെടെ മുന്‍കരുതല്‍ നടപടികള്‍ ശക്തമാക്കും.

മിക്ക ഗള്‍ഫ് രാജ്യങ്ങളിലും 90 ശതമാനത്തോളം പേര്‍ക്ക് ഇതിനകം വാക്‌സിന്‍ നല്‍കി കഴിഞ്ഞു. ഖത്തറിലും യുഎഇയിലും സൗദിയിലും ഉള്‍പ്പെടെ ബൂസ്റ്റര്‍ ഡോസ് വിതരണവും ആരംഭിച്ചു. മാസ്‌ക്ക് ഒഴിവാക്കിയതും വാക്‌സിന്‍ വിതരണം കാര്യക്ഷമമല്ലാത്തതുമാണ് യൂറോപ്യന്‍ രാജ്യങ്ങളില്‍ കോവിഡ് വീണ്ടും വലിയ തോതില്‍ വര്‍ധിക്കാന്‍ കാരണമായതെന്നാണ് വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ മാസ്‌ക്ക് നിബന്ധന ഒന്നു കൂടി കര്‍ശനമാക്കിയേക്കും.

എന്നാല്‍, നിലവില്‍ പുതിയ നിയന്ത്രണങ്ങള്‍ വേണ്ടതില്ല എന്നാണ് പൊതുവേ ഗള്‍ഫ് രാജ്യങ്ങളിലെ ആരോഗ്യ മന്ത്രാലയങ്ങളുടെ തീരുമാനം. സ്ഥിതിഗതികള്‍ വിലയിരുത്തി ആവശ്യം വരികയാണെങ്കില്‍ മാത്രമായിരിക്കും നിയന്ത്രണം കര്‍ശനമാക്കുക.

Most Popular