ദോഹ: സൈബര്‍ സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിനായി പുതിയ സൈബര്‍ സുരക്ഷ പ്ലാറ്റ്ഫോം വികസിപ്പിച്ച് ഖത്തര്‍. സുരക്ഷാ ഭീഷണികള്‍ തിരിച്ചറിയുന്നതിനും കണ്ടെത്തുന്നതിനുമായി ‘ വാണിങ് ‘ എന്ന പേരിലാണ് പുതിയ പ്ലാറ്റ്ഫോം വികസിപ്പിച്ചിട്ടുള്ളത്. കോര്‍പ്പറേഷനുകള്‍ക്കും അടിസ്ഥാന സൗകര്യസംവിധാനങ്ങള്ക്കുമെതിരേയുള്ള സുരക്ഷാ ഭീഷണികള്‍ കണ്ടെത്തുകയാണ് പ്രധാനമായും ലക്ഷ്യമിടുന്നത്.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചായിരിക്കും പ്ലാറ്റ്ഫോമിന്റെ പ്രവര്‍ത്തനം. വ്യാജ ഡൊമെയ്നുകള്‍ കണ്ടെത്തുകയും അവയെ തടയുകയും ചെയ്യുന്നതിന് പുറമേ, ഉപദ്രവകരമായ സോഫ്റ്റ് വെയറുകള്‍, ഉപദ്രവകരമായ എന്റര്‍പ്രൈസ് നെറ്റ് വര്‍ക്ക് ട്രാഫിക് തിരിച്ചറിയുക തുടങ്ങിയവയും പുതിയ പ്ലാറ്റ്ഫോമായി വാണിങ്ങിന്റെ പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടും.
മൂന്നുവര്‍ഷം നീണ്ടുനിന്ന പ്രവര്‍ത്തനങ്ങളുടെ ഫലമായാണ് വാണിങ് വികസിപ്പിച്ചെടുത്തത്. ക്യു.സി.ആര്.ഐ., ആഭ്യന്തര മന്ത്രാലയം, സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസി, തുര്‍ക്കിയിലെ ടി.ഓ.ബി.ബി. യൂണിവേഴ്സിറ്റി ഓഫ് ഇക്കണോമിക്സ് ആന്‍ഡ് ടെക്നോളജി, കാദിര്ഹാസ് സര്‍വകലാശാല, സൈബര്‍ പ്രതിരോധ സ്ഥാപനമായ ഇന്റര്പ്രോബ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഇതിനായുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിയത്.