ദോഹ: പ്രാദേശിക ഈന്തപ്പഴ ഉല്പാദനത്തില് 82 ശതമാനം സ്വയം പര്യാപ്തതയുമായി ഖത്തർ. ഗൈഡന്‍സ് ആന്‍ഡ് അഗ്രികള്‍ചറല്‍ സര്‍വീസ് വിഭാഗം മേധാവി അഹമ്മദ് സലേം അല്‍ യാഫിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
2020 ല്‍ ഈന്തപ്പഴ ഉല്പാദനം 76 ശതമാനം കൈവരിച്ചിരുന്നു. രണ്ട് വര്‍ഷത്തിനിടെ ആറ് ശതമാനമാണ് വര്‍ധന.
ഈന്തപ്പഴത്തിന്റെ ഗുണനിലവാരം വര്‍ധിപ്പിക്കുന്നതിനായി കൃഷി ഭൂമി തയാറാക്കല്‍ മുതല്‍ വളം, പരാഗ വിതരണം, മറ്റ് അനുബന്ധ സേവനങ്ങള്‍ തുടങ്ങി ഇടനിലക്കാരില്ലാതെ നേരിട്ടുള്ള വില്പന വേദി ഒരുക്കുന്നതില്‍ വരെ കര്‍ഷകര്‍ക്ക് മന്ത്രാലയം പിന്തുണ നൽകിവരുന്നുണ്ട്.
കര്‍ഷകരുടെ അധ്വാനത്തിനും നിക്ഷേപത്തിനും മികച്ച പ്രതിഫലം ഉറപ്പാക്കുന്നതിനാണ് മന്ത്രാലയം ഈന്തപ്പഴ മേള നടത്തുന്നത്. മേളയിലൂടെ ഇടനിലക്കാരില്ലാതെ കര്‍ഷകര്‍ക്ക് നേരിട്ട് വിപണനം നടത്താനുള്ള വേദികളാണ് ഒരുക്കുന്നത്. മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ ഏഴാമത് ഈന്തപ്പഴ മേള സൂഖ് വാഖിഫില്‍ പുരോഗമിക്കുകയാണ്.