ഗള്‍ഫില്‍ നാലുദിവസത്തിനിടെ മരിച്ചത് 19 മലയാളികള്‍; നാട്ടിലേക്കുള്ള മടക്കം വൈകരുതെന്ന് അഭ്യര്‍ഥിച്ച് പ്രവാസികള്‍

expats returning vande bharath

ദുബയ്: ഗള്‍ഫ് രാജ്യങ്ങളില്‍ കൊറോണ ബാധിച്ചുമരിക്കുന്ന മലയാളികളുടെ എണ്ണം കുത്തനെ ഉയരുന്നു. നാലു ദിവസത്തിനിടെ പത്തൊന്‍പതു മലയാളികളാണ് വിവിധ ഗള്‍ഫ് നാടുകളില്‍ മരിച്ചത്. ഈ സാഹചര്യത്തില്‍ ഗര്‍ഭിണികളും രോഗികളുമടക്കമുള്ള അത്യാവശ്യക്കാരെ മടക്കികൊണ്ടുപോകാന്‍ ഇനിയും വൈകരുതെന്നാണ് പ്രവാസലോകത്തിന്റെ അഭ്യര്‍ഥന.

യുഎയില്‍ കോവിഡ് ബാധിച്ചു മരിക്കുന്ന നാലില്‍ ഒരാള്‍ മലയാളിയാണ്. മരിക്കുന്നവരിലേറെയും ഹൃദ്രോഗം അടക്കം ജീവിതശൈലീ രോഗങ്ങളുള്ളവര്‍. അന്‍പതുവയസിനു താഴെയുള്ളവരാണ് മരിക്കുന്നവരില്‍ പകുതിയോളവും. ഗള്‍ഫിലുള്ള മലയാളികള്‍ക്കിടയില്‍ പ്രമേഹം, രക്തസമ്മര്‍ദ്ദം തുടങ്ങിയ ജീവിതശൈലീ രോഗങ്ങള്‍ കൂടുതലാണ്. ജീവിതശൈലീ രോഗങ്ങള്‍ അലട്ടുന്ന ഭൂരിപക്ഷം പ്രവാസികളെയും ആശങ്കപ്പെടുത്തുന്നതാണ് ഈ കണക്കുകള്‍. ഈ പശ്ചാത്തലത്തിലാണ് ജോലിനഷ്ടപ്പെട്ടവര്‍, ഗര്‍ഭിണികള്‍ തുടങ്ങിയവരെ മുന്‍ഗണനാക്രമത്തില്‍ നാട്ടിലേക്കു മടങ്ങാന്‍ അവസരമൊരുക്കണമെന്ന് ആവശ്യമുയരുന്നത്.

തൊഴിലാളി ക്യാംപുകളിലടക്കം രോഗബാധിതരുടെ എണ്ണവും ഉയരുകയാണ്. സൗദിയില്‍ കോവിഡ് ബാധിതരില്‍ 91 ശതമാനവും വിദേശികളാണ്. അതില്‍ ഭൂരിപക്ഷവും മലയാളികളടക്കമുള്ള ഇന്ത്യക്കാരും. യുഎഇ, ഖത്തര്‍, കുവൈത്ത് എന്നിവിടങ്ങളിലും ഒട്ടേറെ മലയാളികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

Death of malayalees due to Coronavirus  rise in Gulf countries. Nineteen Malayalees have died in different Gulf countries in four days.