തൊഴിലാളികൾക്ക് ആശ്വാസം പകർന്ന് സോഷ്യൽ ഫോറം മെഗാ മെഡിക്കൽ ക്യാമ്പ്

Doha mega medical camp

ദോഹ: ആസാദി കാ അമൃത് മഹോത്സവിനോടനുബന്ധിച്ച് ഖത്തർ ഇന്ത്യൻ സോഷ്യൽ ഫോറം നസീം മെഡിക്കൽ സെന്ററുമായി സഹകരിച്ച് കഴിഞ്ഞ ദിവസം സി-റിങ് റോഡ് നസീം മെഡിക്കൽ സെന്ററിൽ നടത്തിയ മെഗാ മെഡിക്കൽ ക്യാമ്പ് ഡ്രൈവർമാർക്കും തൊഴിലാളികൾക്കും ആശ്വാസമായി. രാവിലെ ആറുമണിക്ക് തുടങ്ങിയ ക്യാമ്പ് ഉച്ചയ്ക്ക് രണ്ടുമണിവരെ നീണ്ടു. 800ലധികം പേർ പങ്കെടുത്തു. ഡ്രൈവർമാർ, തൊഴിലാളികൾ അടക്കം താഴ്ന്ന വരുമാനക്കാരെ ഉദ്ദേശിച്ച് നടത്തിയ പരിപാടിയിൽ മുൻ‌കൂർ രെജിസ്റ്റർ ചെയ്തവർക്ക് മാത്രമായിരുന്നു പ്രവേശനം അനുവദിച്ചിരുന്നത്.

ബിപി, ബിഎംഐ, ബ്ലഡ് ഷുഗർ, ടോട്ടൽ കൊളസ്‌ട്രോൾ പരിശോധനകൾക്കു‌ ശേഷം ജനറൽ മെഡിസിൻ, നേത്ര രോഗം, ദന്ത രോഗം എന്നീ വിഭാഗങ്ങളുടെ ഡോക്ടർ കൻസൽട്ടെഷനും ആവശ്യമായവർക്ക് സൗജന്യ മരുന്നും നൽകി. ക്യാമ്പിൽ പങ്കെടുത്തവർക്കായി ഫോട്ടോഷൂട്ട് മത്സരവും സംഘടിപ്പിച്ചിരുന്നു. റേഡിയോ സുനോ, ടീ ടൈം എന്നിവരായിരുന്നു ഒഫീഷ്യൽ പാർട്ണർമാർ.

ക്യാമ്പ് ഇന്ത്യൻ എംബസി സെക്കന്റ് സെക്രട്ടറി (ഇൻഫർമേഷൻ, കൾച്ചർ ആന്റ് എജുക്കേഷൻ) കുൽജീത് സിങ് അറോറ ഉദ്ഘാടനം ചെയ്തു. സോഷ്യൽ ഫോറം കേരളാ സ്റ്റേറ്റ് പ്രസിഡന്റ മുഹമ്മദലി കെസി അധ്യക്ഷത വഹിച്ചു. അതിഥികളായ ഐസിസി പ്രസിഡന്റ് കെ എൻ ബാബുരാജ്, ഐസിബിഎഫ് പ്രസിഡന്റ് സിയാദ് ഉസ്മാൻ എന്നിവർ സംസാരിച്ചു. സോഷ്യൽ ഫോറത്തിന്റെയും നസീം മെഡിക്കൽ സെന്ററിന്റെയും പ്രവർത്തനങ്ങൾ ശ്ലാഘനീയമാണെന്ന് അവർ പറഞ്ഞു. ഇത്തരം സമർപ്പിതമായ ധാരാളം പ്രവർത്തനങ്ങൾ മുൻകാലങ്ങളിലും നേരിൽ കണ്ട് ബോധ്യപ്പെട്ടതാണെന്ന് കെ എൻ ബാബുരാജ് പറഞ്ഞു. ഇന്ത്യൻ കമ്മ്യൂണിറ്റിക്ക് വേണ്ടി ആവശ്യമായ എന്ത് സഹകരണങ്ങൾക്കും തങ്ങൾ ഒരുക്കമാണെന്ന് സിയാദ് ഉസ്മാൻ പറഞ്ഞു.

സോഷ്യൽ ഫോറം സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സഈദ് കൊമ്മാച്ചി, നസീം മെഡിക്കൽ സെന്റർ ജനറൽ മാനേജർ (സ്ട്രാറ്റജിക് ഡിവിഷൻ) ഡോ മുനീർ അലി ഇബ്‌റാഹീം എന്നിവർ ആശംസകളർപ്പിച്ചു.

ഡോ മുഹമ്മദ് ഷമീം ഹെൽത്ത് അവെയർനെസ്സ് പ്രഭാഷണം നടത്തി. ജീവിതത്തിന്റെ സമസ്ത മേഖലകളിലും മുഴുവൻ സമയങ്ങളിലും പ്രത്യേകമായി ചില കാര്യങ്ങൾ മാത്രം ശ്രദ്ധിച്ചാൽ എന്നും നമ്മുടെ ശരീരം ആരോഗ്യത്തോടെ കൊണ്ടുനടക്കാനാവുമെന്ന് അദ്ദേഹം പറഞ്ഞു.

തുടർന്ന് ഇന്ത്യൻ എംബസി സെക്കന്റ് സെക്രട്ടറി കുൽജീത് സിങ് അറോറ നസീം മെഡിക്കൽ സെൻറ്റർ ജനറൽ മാനേജർ ഡോ മുനീർ അലി ഇബ്‌റാഹീമിനും ഐസിബിഎഫ് പ്രസിഡന്റ് സിയാദ് ഉസ്മാൻ റേഡിയോ സുനോ പ്രതിനിധി അപ്പുണ്ണിക്കും മൊമെന്റോ നൽകി. സോഷ്യൽ ഫോറം ജനറൽ സെക്രട്ടറി അഹമ്മദ് കടമേരി സ്വാഗതവും ഉസ്മാൻ മുഹമ്മദ് നന്ദിയും പറഞ്ഞു.

തുടർന്ന് നസീം മെഡിക്കൽ സെന്റർ, സോഷ്യൽ ഫോറം പ്രതിനിധികൾക്കൊപ്പം ക്യാമ്പ് സന്ദർശിച്ച ശേഷമാണ് അതിഥികൾ മടങ്ങിയത്.