ദോഹയിൽ നാളെ രാവിലെ മുതൽ പല ഭാഗങ്ങളിലും ഗതാഗത നിയന്ത്രണം

ദോഹ: ദോഹ മാരത്തണിനോടനുബന്ധിച്ച് കോർണിഷ്, കത്താറ, പേൾ ഖത്തർ, ലുസൈൽ എന്നിവയും അതിനടുത്തുള്ള മറ്റ് പാതകളും വെള്ളിയാഴ്ച  പുലർച്ചെ 3 മുതൽ ഉച്ചയ്ക്ക് 12 വരെ അടച്ചിടും. ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യമറിയിച്ചത്. യാത്രക്കാർ  ഇതര റൂട്ടുകൾ സ്വീകരിക്കണം.  മാരത്തൺ ട്രാക്കുകൾക്ക് ചുറ്റുമുള്ള ഗതാഗതം നിയന്ത്രിക്കുന്നതിന് ട്രാഫിക് പട്രോളിംഗ് സ്ഥാപിക്കും.

ഖത്തർ അത്‌ലറ്റിക് ഫെഡറേഷന്റെ പങ്കാളിത്തത്തോടെ  ടെലികോം വിതരണ കമ്പനിയായ ഉറീഡുവിന്റെ നേതൃത്വത്തിലാണ് മാരത്തൺ നടക്കുന്നത്.8,000 പേരാണ് റജിസ്റ്റർ ചെയ്തിരിക്കുന്നത്. 20ന് രാവിലെ 6.15ന് ദോഹ കോർണിഷിലെ പരേഡ് പവിലിയനിൽ നിന്ന് തുടങ്ങുന്ന 42 കിലോമീറ്റർ നീളുന്ന ഫുൾ മാരത്തൺ കത്താറ, ലുസെയ്ൽ എന്നിവിടങ്ങളിലൂടെ തിരികെ കോർണിഷിൽ സമാപിക്കും. 7 മുതലാണ് ഹാഫ് മാരത്തൺ നടക്കുന്നത്.

എല്ലാ വിഭാഗങ്ങളിലുമായി ഇത്തവണ 10 ലക്ഷം റിയാൽ ആണ് സമ്മാനത്തുക.
റാഫിൾ ഡ്രോയിലൂടെ ഓട്ടക്കാർക്ക് എസ്‌യുവി കാറും സമ്മാനമായി നൽകും.  5 മുതൽ 42 കിലോമീറ്റർ വരെയുള്ള എല്ലാ വിഭാഗങ്ങളിലെ മത്സരക്കാരെയും ഡ്രോയിൽ ഉൾപ്പെടുത്തും.