19-ാമത് ദോഹ ജ്വല്ലറി ആൻഡ് വാച്ചസ് പ്രദർശനത്തിന് തുടക്കമായി

ദോഹ: 19-ാമത് ദോഹ ജ്വല്ലറി ആൻഡ് വാച്ചസ് പ്രദർശനത്തിന് തുടക്കമായി. അത്യപൂർവ ആഭരണങ്ങളുടെയും വാച്ചുകളുടെയും ശേഖരമാണ് ഈ പ്രദർശനം. ഖത്തർ ടൂറിസമാണ് സംഘാടകർ. ദോഹ എക്‌സിബിഷൻ ആൻഡ് കൺവൻഷൻ സെന്ററിൽ 20 മുതൽ 25 വരെയാണ് പ്രദർശനം. ആഗോള ആഭരണ, വാച്ച് രംഗത്തെ അഞ്ഞൂറിലധികം ബ്രാൻഡുകളുടെ സമ്മേളനം കൂടിയാണ് ഈ പ്രദർശനം.

ഖത്തറിന്റെ തനത് ആഭരണങ്ങളുടെ വൈവിധ്യമാർന്ന ശേഖരവും സന്ദർശകരെ കാത്തിരിക്കുന്നുണ്ട്. സ്വർണം, വെള്ളി, വജ്രം, പ്ലാറ്റിനം ആഭരണങ്ങളും അമൂല്യ രത്‌നങ്ങൾ പതിപ്പിച്ച മൂല്യമേറിയ നെക്‌ലേസുകളും ഉൾപ്പെടെ കാഴ്ചകൾ ഏറെയുണ്ടാകും ഇത്തവണയും.

ഇന്ത്യയ്ക്കും തുർക്കിക്കുമായി ഇത്തവണയും പ്രത്യേക പവലിയനുകളുണ്ട്. ലക്ഷങ്ങൾ വിലമതിക്കുന്ന നെക്‌ലേസുകൾ, മാലകൾ, മോതിരങ്ങൾ, കമ്മലുകൾ, ബ്രേസ്‌ലറ്റുകൾ, വാച്ചുകൾ തുടങ്ങി പരമ്പരാഗത, നൂതന ഡിസൈനുകളുടെ അപൂർവ ശേഖരമാണ് പ്രദർശനത്തിലുണ്ടാകുക. പുതുപുത്തൻ ബ്രാൻഡുകളുടെയും ലിമിറ്റഡ് എഡിഷനുകളുടെയും അവതരണവുമുണ്ട്.

ഖത്തർ ഡ്യൂട്ടി ഫ്രീയുടെ 2 പ്രശസ്ത കഫേകളും സന്ദർശകർക്ക് ഭക്ഷണ-പാനീയങ്ങൾ രുചിക്കാനായി മേളയിൽ പങ്കെടുക്കുന്നുണ്ട്.