ദുബായ്: ദുബായില്‍ പത്തു വയസുകാരിയായ മകളെ അതിക്രൂരമായി മര്‍ദിച്ച് ബാത്ത് ടബ്ബില്‍ മുക്കിക്കൊന്ന റഷ്യന്‍ മാതാവിനെ ജീവപരന്ത്യം തടവിനു ശിക്ഷിച്ച് ദുബായ് ക്രിമിനല്‍ കോടതി.
മകളെ ബാത്ത് ടബ്ബിലെ വെള്ളത്തില്‍ മുക്കിക്കൊന്ന ശേഷം അടുത്തുള്ള പോലീസ് സ്‌റ്റേഷനില്‍ അറിയിച്ചതും 38കാരിയായ അമ്മ തന്നെയായിരുന്നു. ചോദ്യം ചെയ്യലില്‍ താന്‍ രണ്ട് വയസുകാരിയായ മകള്‍ക്കൊപ്പമായിരുന്നുവെന്നും വീട്ടുജോലിക്കാരനാണ് മകളെ കൊലപ്പെടുത്തിയതെന്നുമായിരുന്നു അവര്‍ ആദ്യം മൊഴി നല്‍കിയത്.
വീട്ടുജോലിക്കാരന്‍ കുറ്റം നിഷേധിക്കുകയും അമ്മ ക്രൂരമായി കുട്ടിയെ ഉപദ്രവിക്കാറുണ്ടെന്നും മൊഴി നല്‍കി. കൊല നടന്ന ദിവസം കുട്ടിയെ മുറിയില്‍ പൂട്ടിയിടുന്നതു കണ്ടതായും അയാള്‍ പോലീസിനോടു പറഞ്ഞു. തുടര്‍ന്നു നടത്തിയ ചോദ്യം ചെയ്യലിലാണ് അമ്മ കുറ്റസമ്മതം നടത്തിയത്.
കുറ്റകൃത്യം നടക്കുന്നതു കണ്ടിട്ടും പോലീസിനെ വിവരം അറിയിക്കാത്തതില്‍ വീട്ടുജോലിക്കാരനെയും കോടതി ശിക്ഷിച്ചു. ഒരു മാസത്തെ തടവിനുശേഷം ഇയാളെ നാടുകടത്താനാണ് കോടതി വിധിച്ചിരിക്കുന്നത്.