ദുബൈ എക്സ്പോ; ആറു ദിവസം വരെ ശമ്പളത്തോട് കൂടിയ അവധി പ്രഖ്യാപിച്ചു

ദുബൈ:ദുബൈ എക്‌സ്‌പോ 2020ല്‍ പങ്കെടുക്കാന്‍ ജീവനക്കാർക്ക് 6 ദിവസം വരെ ശമ്പളത്തോടുകൂടിയ അവധി പ്രഖ്യാപിച്ച് ദുബൈ സർക്കാർ. ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ നിർദേശപ്രകാരമാണ് ജീവനക്കാർക്ക് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ഒക്ടോബര്‍ ഒന്നിന് ആരംഭിച്ച് ആറുമാസം നീളുന്ന എക്‌സ്‌പോയില്‍ പങ്കെടുക്കാന്‍ 2022 മാര്‍ച്ച് 31 വരെ എപ്പോള്‍ വേണമെങ്കിലും ജീവനക്കാര്‍ക്ക് അവധി എടുക്കാം.

ഒക്ടോബർ ഒന്നുമുതലാണ് 2022 മാർച്ച് 31 വരെ നീണ്ടുനില്‍ക്കുന്ന എക്സ്പോയ്ക്ക് തുടക്കമാവുക. ഔദ്യോഗിക ഉദ്ഘാടനം സെപ്റ്റംബർ 30 ന് നടക്കും. കോവിഡ് സാഹചര്യത്തില്‍ തിരഞ്ഞെടുക്കപ്പെട്ട അതിഥികള്‍ക്ക് മാത്രമാകും ഉദ്ഘാടന ചടങ്ങിലേക്കുളള ക്ഷണം. എന്നാല്‍ ലോകമെങ്ങുമുളളവർക്ക് ആസ്വദിക്കാനായി ചടങ്ങിന്‍റെ തല്‍സമയ പ്രക്ഷേപണം എക്സ്പോയുടെ ഔദ്യോഗിക ചാനലുകള്‍ വഴിയുണ്ടാകും.

ലോകം കാത്തിരിക്കുന്ന എക്സ്പോ 2020 യുടെ ഉദ്ഘാടനചടങ്ങ് ഗംഭീരമാക്കാനുളള അവസാനവട്ട തയ്യാറെടുപ്പിലാണ് അണിയറക്കാർ. ഒളിംപിക്സിന് സമാനമായ രീതിയിലാണ് ഉദ്ഘാടനത്തിനായി ഒരുക്കങ്ങള്‍ നടക്കുന്നത്. ഡാന്‍സും പാട്ടും ലൈറ്റുമുള്‍പ്പടെ കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചകളാണ് കാത്തിരിക്കുന്നത്. ചടങ്ങിന് മിഴിവേകാന്‍ ഓപറ ഗായകൻ ആൻഡ്രെ ബൊസെലി, ഗോൾഡൻ ഗ്ലോബ് നേടിയ നടിയും ഗായികയുമായ ആന്ദ്ര ഡേ, ബ്രിട്ടീഷ് പോപ് സ്റ്റാർ എല്ലീ ഗൗൾഡിങ്, ചൈനീസ് പിയാനിസ്റ്റ് ലാംഗ് ലാംഗ്, നാലുതവണ ഗ്രാമി അവാർഡ് ജേതാവായ ഗായിക ആഞ്ചലിക് കിഡ്ജോ എന്നിവരുമെത്തും.

അല്‍ വാസല്‍ പ്ലാസയിലാണ് ഉദ്ഘാടന ചടങ്ങ് നടക്കുക. പ്രാദേശിക കലാകാരന്മാരായ മുഹമ്മദ് അബ്ദു, ഇമറാത്തി ഗായിക അഹ്ലം അല്‍ ഷംസി, എക്സ്പോ ബ്രാന്‍ഡ് അംബാസിഡർ ഹുസൈന്‍ അല്‍ ജാസിമി എന്നിവർക്കൊപ്പം സ്വദേശി ഗായിക അൽമാസ്, ഗ്രാമി അവാർഡിന് പരിഗണിക്കപ്പെട്ട ലബനീസ്-അമേരിക്കൻ ഗായിക മൈസ കാര എന്നിവരും ചടങ്ങില്‍ വിവിധ പരിപാടികളുമായെത്തും. ലൈറ്റ് ആന്‍റ് ഡാന്‍സ് ഷോയുമായി കാണികളെ വിസ്മയിപ്പിക്കാനായി എത്തുന്നത് സർക്യൂ ഡു സൊളൈല്‍ എന്ന കമ്പനിയാണ്. ഒളിംപിക്സിലെ വിവിധ പരിപാടികള്‍ക്ക് ചുക്കാന്‍ പിടിച്ച ഫൈവ് കറന്‍റ്സ് കമ്പനിയാണ് എക്സ്പോയുടേയും അണിയറക്കാർ.

എക്സ്പോ 2020യുടെ ഔദ്യോഗിക ഗാനം കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു. ‘ദിസ് ഈസ് അവർ ടൈം’ എന്നതാണ് ഗാനത്തിന്‍റെ പേര്. യുഎഇയിലെ ഏറ്റവും വലിയ കലാകാരന്മാരിൽ ഒരാളും എക്സ്പോ 2020 അംബാസിഡറുമായ ഹുസൈൻ അൽ ജാസ്മി, ഗ്രാമി-നാമനിർദ്ദേശം ലഭിച്ച ലെബനീസ്-അമേരിക്കൻ ഗായികയും ഗാനരചയിതാവും എക്സ്പോയുടെ ഓൾ-ഫീമെയിൽ ഫിർദൗസ് ഓർക്കസ്ട്രയുടെ ആർട്ടിസ്റ്റിക് ഡയറക്ടറുമായ മേസ്സ കാര സ്‌പോട്ടിഫൈയിൽ മിഡിൽ ഈസ്റ്റിലെ മികച്ച വനിതാ പ്രതിഭയായി തിരഞ്ഞെടുത്ത 21 വയസ്സുള്ള എമിറാറ്റി ഗായകനും ഗാനരചയിതാവുമായ അൽമാസ് എന്നിവർ ചേർന്നാണ് ഗാനം തയ്യാറാക്കിയത്.

എന്താണ് എക്സ്പോ, ദുബായ് എക്സ്പോയുടെ പ്രത്യേകതയെന്ത്

ബ്യൂറോ ഓഫ് ഇന്‍റർനാഷണല്‍ എക്സിബിഷന്‍റെ മേല്‍നോട്ടത്തില്‍ നടക്കുന്ന അന്തർദ്ദേശീയ എക്സിബിഷനാണ് എക്സ്പോ 2020. അഞ്ച് വർഷത്തിലൊരിക്കലാണ് എക്സ്പോ നടക്കാറുളളത്. ലോകത്തിലെ ഒട്ടുമിക്ക രാജ്യങ്ങളും പങ്കെടുക്കുന്ന എക്സിബിഷനില്‍ കല, ശാസ്ത്രം, വാണിജ്യം തുടങ്ങിയ മേഖലകളിലെ നേട്ടങ്ങള്‍ പ്രദർശിപ്പിക്കും. 2013 ല്‍ നടന്ന വോട്ടെടുപ്പിലാണ് ദുബായ് 2020 ല്‍ എക്സ്പോ നടത്തുന്നതിനുളള അവകാശം നേടിയെടുത്തത്. കോവിഡ് സാഹചര്യത്തിലാണ് 2021 ഒക്ടോബറിലേക്ക് എക്സ്പോ നീണ്ടുപോയത്. ദുബായിലെ സൗത്ത് ഡിസ്ട്രിക്ടില്‍ അല്‍ മക്സൂം രാജ്യാന്തര വിമാനത്താവളത്തിനടുത്തായാണ് എക്സ്പോ 2020 വേദി സജ്ജമാക്കിയിട്ടുളളത്.