Tuesday, January 25, 2022
HomeGulfദുബൈ ഷോപ്പിംഗ് ഫെസ്റ്റിവലിന് നാളെ തുടക്കമാവും

ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവലിന് നാളെ തുടക്കമാവും

ദുബൈ: ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവലിന് നാളെ തുടക്കമാകും. അടുത്ത മാസം മുപ്പത് വരെയാണ് ഷോപ്പിംഗ് മേള നടക്കുക. ഭാഗ്യശാലികൾക്ക് ഇതിലൂടെ കൈനിറയെ സമ്മാനങ്ങൾ സ്വന്തമാക്കാം. പ്രധാന വേദികൾ, ബീച്ചുകൾ, പാർക്കുകൾ, മറ്റ് ഉല്ലാസ മേഖലകൾ, മാളുകൾ എന്നിവിടങ്ങളെല്ലാം ആഘോഷ അരങ്ങുകളാകും. രുചിയരങ്ങളുടെ വമ്പൻ മേളകളും ഉണ്ടാകും. രാജ്യാന്തര കലാകാരന്മാരുടെ സംഗീത-നൃത്ത പരിപാടികൾ, കരിമരുന്നു പ്രയോഗങ്ങൾ, ഡ്രോൺ ലൈറ്റ് ഷോ, കാർണിവൽ എന്നിവയും വിരുന്നൊരുക്കും . അൽ വാസൽ പ്ലാസയിൽ പ്രമുഖ കലാകാരന്മാർ സംഘടിപ്പിക്കുന്ന സംഗീതം, നൃത്തം, നാടകം തുടങ്ങിയവയും അരങ്ങേറും. ആദ്യവാരം സിനിമ, നാടകങ്ങൾ, മറ്റു സ്റ്റേജ് പരിപാടികൾ എന്നിവയുണ്ട്. മാൾ ഓഫ് ദി എമിറേറ്റ്സിലടക്കം പ്രദർശന മേളകൾ നടക്കും.

സന്ദർശകർക്ക് ഏറ്റവും മികച്ച ഷോപ്പിങ് അനുഭവം ഒരുക്കാനുള്ള എല്ലാ ക്രമീകരണങ്ങളും പൂർത്തിയായതായി ദുബായ് ഫെസ്റ്റിവൽസ് ആൻഡ് റീട്ടെയ്ൽ എസ്റ്റാബ്ലിഷ്മെന്റ് സിഇഒ: അഹമ്മദ് അൽ ഖാജ പറഞ്ഞു. ബുർജ് ഖലീഫ സ്ഥിതി ചെയ്യുന്ന ഡൗൺടൗണിൽ വർണാഭമായ പരിപാടികളോടെയാണ് തുടക്കമാവുക.

ദുബായ് ഓപ്പറ, ക്യുഇ2 തിയറ്റർ, കോക്കകോള അരീന എന്നിവിടങ്ങളിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള കലാകാരന്മാർ അവതരിപ്പിക്കുന്ന നാടകങ്ങൾ, സംഗീത-നൃത്തപരിപാടികൾ എന്നിവ അരങ്ങേറും. ഐഎംജി വേൾഡ് അഡ്വഞ്ചേഴ്സ്, ദുബായ് ഫെസ്റ്റിവൽ സിറ്റി മാൾ എന്നിവിടങ്ങളിൽ ഫാഷൻ മേളയും ഉല്ലാസ പരിപാടികളും ഉണ്ടാകും.

Most Popular