മൂന്ന് ദിവസത്തെ സൂപ്പർ സെയിലിന് ദുബൈയിൽ തുടക്കമായി

അബുദാബി/ദുബായ്∙ മൂന്നു ദിവസത്തെ സൂപ്പർ സെയിലിന് ഇന്നലെ ദുബായിലും അബുദാബിയിലും തുടക്കമായി. ബ്രാൻഡഡ് ഉൽപന്നങ്ങൾക്കു 90% വരെ വിലക്കുറവാണ് ലഭിക്കുക.

മാൾ ഓഫ് ദ് എമിറേറ്റ്സ്, ദെയ്റ സിറ്റി സെന്റർ, മിർദിഫ് സിറ്റി സെന്റർ, ദ് ദുബായ് മാൾ, ദുബായ് മറീന മാൾ, ദുബായ് ഹിൽസ് മാൾ, മെർകാറ്റൊ, ടൗൺ സെന്റർ ജുമൈറ, ഇബ്ൻ ബത്തൂത്ത, സർക്കിൾ മാൾ, ദ് പോയിന്റെ, നഖീൽ മാൾ, ഗേറ്റ് അവന്യു (ഡിഐഎഫ്സി), ഫെസ്റ്റിവൽ പ്ലാസ, ദുബായ് ഫെസ്റ്റിവൽ സിറ്റി മാൾ, ദ് ഔട്ട് ലറ്റ് വില്ലേജ് തുടങ്ങി ദുബൈയിലെ 21 മാളുകളിൽ സൂപ്പർ സെയിലുണ്ട്.

ബ്രാൻഡ് ഉൽപന്നങ്ങൾക്കു പുറമെ ഗൃഹോപകരണങ്ങൾ, സൗന്ദര്യ വർധക വസ്തുക്കൾ, ഭക്ഷ്യോൽപന്നങ്ങൾ എന്നിവയും ആദായവിൽപനയിൽ ഉൾപ്പെടും. വീട് അലങ്കാര വസ്തുക്കൾക്കും വിലക്കുറവുണ്ട്. സൂപ്പർ സെയിൽ ഇന്നും നാളെയും തുടരും.