Thursday, June 30, 2022
HomeGulfലോക്ക്ഡൗൺ ഇളവുകൾ ദുരുപയോഗം ചെയ്യുന്നവർക്കെതിരേ കർശനനടപടിയുമായി ദുബായ്

ലോക്ക്ഡൗൺ ഇളവുകൾ ദുരുപയോഗം ചെയ്യുന്നവർക്കെതിരേ കർശനനടപടിയുമായി ദുബായ്

ദുബായ്: കോവിഡ് നിയന്ത്രണഭാഗമായുള്ള ആരോഗ്യവകുപ്പിന്റെ നിർദേശങ്ങൾ ലംഘിക്കുന്നവർക്കെതിരായ നടപടികൾ കൂടുതൽ ശക്തമാക്കുമെന്ന് പരമോന്നത സമിതി അറിയിച്ചു. ഇളവുകൾ ദുരുപയോഗപ്പെടുത്തിയാൽ കനത്ത പിഴയും മറ്റു നടപടികളുമുണ്ടാകും. ജീവനക്കാർ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് പൊതു-സ്വകാര്യ സ്ഥാപനങ്ങൾ ഉറപ്പുവരുത്തണം. നിയമലംഘനങ്ങൾ കണ്ടെത്തിയാൽ സ്ഥാപനങ്ങൾക്കും ജീവനക്കാർക്കും എതിരെ കടുത്ത നടപടി സ്വീകരിക്കും.

ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്ന സമിതി യോഗത്തിൽ ഷെയ്ഖ് മൻസൂർ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അധ്യക്ഷത വഹിച്ചു. സാമൂഹിക സുരക്ഷ ഉറപ്പാക്കാൻ ഓരോ വ്യക്തിക്കും ഉത്തരവാദിത്തമുണ്ടെന്ന് ഷെയ്ഖ് മൻസൂർ പറഞ്ഞു. രോഗപ്രതിരോധ രംഗത്ത് രാജ്യം കൈവരിക്കുന്ന നേട്ടങ്ങൾ ഇല്ലാതാക്കുന്ന പ്രവണതകൾ ഒഴിവാക്കണമെന്നും അദ്ദേഹം നിർദേശിച്ചു.

60 വയസ്സ് കഴിഞ്ഞവർ, 12 വയസ്സിൽ താഴെയുള്ളവർ, രോഗങ്ങളുള്ളവർ എന്നിവർ കഴിയുന്നതും പൊതുസ്ഥലങ്ങളിൽ പോകരുത്. മാസ്‌ക് ധരിക്കാത്തതിന് 3,000 ദിർഹമാണ് പിഴ. രോഗബാധിതനായ വ്യക്തി ആശുപത്രിയിൽ പോകാതിരിക്കുകയോ മരുന്നു കഴിക്കാതിരിക്കുകയോ ചെയ്താൽ 50,000. ആശുപത്രിയിൽ മെഡിക്കൽ ടെസ്റ്റിനു വിസമ്മതിക്കുന്നവർക്ക് 5,000. പൊതുപരിപാടികൾ സംഘടിപ്പിക്കുന്നവർക്ക് 10,000. പൊതുപരിപാടികളിൽ പങ്കെടുത്താൽ 5,000. ഉപയോഗിച്ച മാസ്‌കുകൾ അലക്ഷ്യമായി വലിച്ചെറിഞ്ഞാൽ 3,000 (വാഹനങ്ങളിൽ നിന്നു വലിച്ചെറിഞ്ഞാൽ പിഴയ്ക്കു പുറമേ ലൈസൻസിൽ ആറ് ബ്ലോക് പോയിന്റുകൾ). അണുവ്യാപന സാധ്യതയുള്ള വസ്ത്രങ്ങൾ, സാധനങ്ങൾ എന്നിവ ആരോഗ്യ മാനദണ്ഡങ്ങൾ പാലിക്കാതെ ഉപേക്ഷിക്കുകയോ അണുമുക്തമാക്കാതിരിക്കുകയോ ചെയ്താൽ 3,000 ദിർഹം എന്നിങ്ങനെയാണ് പിഴ. നിയമലംഘനങ്ങൾ ശ്രദ്ധയിൽപെട്ടാൽ റിപ്പോർട്ട് ചെയ്യാം. ഫോൺ: 901. സ്മാർട് ഫോണിലെ ‘പോലീസ് ഐ’ സേവനവും ഉപയോഗപ്പെടുത്താം.

റസ്റ്റോറന്റുകളിലും ഹോട്ടലുകളിലും മേശകൾ തമ്മിൽ രണ്ട് മീറ്റർ അകലം വേണം. സന്ദർശകരുടെയും ജീവനക്കാരുടെയും ശരീരോഷ്മാവ് പരിശോധിക്കണം. 37.5 ഡിഗ്രി സെൽഷ്യസിൽ കൂടുതലാണെങ്കിൽ പ്രവേശനമില്ല. മാസ്‌ക് നിർബന്ധമാണെങ്കിലും സീറ്റിൽ ഇരുന്നുകഴിഞ്ഞാൽ മാറ്റാം. ടിഷ്യൂ പേപ്പറിൽ പൊതിഞ്ഞ് ഭദ്രമായി ബാഗിൽ വയ്ക്കുകയാണു വേണ്ടത്. മേശപ്പുറത്തോ സീറ്റുകളിലോ വയ്ക്കരുത്.

ജിമ്മിൽ പോകുന്നവർ മുൻകൂട്ടി ബുക്ക് ചെയ്യണം. ടവൽ, കുടിവെള്ളം എന്നിവ കൊണ്ടുപോകണം. അനുവദിക്കപ്പെട്ട സമയത്തു തന്നെയെത്തി ശരീരോഷ്മാവ് പരിശോധിച്ച് അകത്തു കയറാം. മാസ്‌ക് നിർബന്ധമാണെങ്കിലും വ്യായാമം ചെയ്തു തുടങ്ങുമ്പോൾ മാറ്റാം. മടങ്ങുമ്പോൾ മാസ്‌ക് വീണ്ടും ധരിക്കണം. മുൻകരുതലുകളുടെ ഭാഗമായി ജിമ്മുകളിലെ എല്ലാ ഉപകരണങ്ങളും വ്യായാമത്തിനു ലഭ്യമാകണമെന്നില്ല. വ്യായാമം ചെയ്യുന്നവർ രണ്ട് മീറ്റർ അകലം പാലിക്കണം. ഓരോരുത്തരുടെയും വ്യായാമത്തിനു ശേഷം ഉപകരണം ആന്റി ബാക്ടീരിയൽ ടിഷ്യൂ പേപ്പർ കൊണ്ടു തുടയ്ക്കണം. 15-30 മിനിറ്റ് ഇടവേളകളിൽ തറകൾ, ഭിത്തി, ഉപകരണങ്ങൾ എന്നിവ അണുമുക്തമാക്കമെന്നും നിയമമുണ്ട്.

Most Popular